തൃശൂര്‍: റാമ്പിലൂടെ വേഗത്തില്‍ ഓടിച്ചു വരുന്ന ബൈക്കുകള്‍ 40 അടിയിലേറെ ഉയരത്തില്‍ പൊങ്ങി തലകീഴായി മറിഞ്ഞുളള അഭ്യാസപ്രകടനം നടത്തുന്ന ലോക മോട്ടോര്‍ സ്‌പോര്‍ട്സ് രംഗത്തെ രണ്ട് അതിസാഹസികര്‍ ഇന്ന് തൃശൂരിലെ അരണാട്ടുകരയിൽ പ്രകടനം നടത്തും. ബൈക്ക് റേസിംഗ് 7 കാറ്റഗറി മത്സരങ്ങളുടെ ഫൈനല്‍സും ഇന്ന് നടക്കും
'ഹാപ്പി ഡേയ്‌സ് തൃശൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ദേശീയ തല ബൈക്ക് റേസിംഗ് മത്സരവേദിയിലാണ് അന്താരാഷ്ട്ര ബൈക്ക് സ്റ്റണ്ടര്‍മാരായ ആഷിക് മിന്‍ ഇവാന്‍ജനി (റഷ്യ) വേണ്‍സ് ബെര്‍ഗര്‍ തോമസ് (ഓസ്ട്രിയ) എന്നിവർ സാഹസികപ്രകടനം കാഴ്ചവയ്ക്കുന്നത്. എഫ്.എം.എക്‌സ് ഫ്രീസ്റ്റൈല്‍ മോട്ടോര്‍ ഷോയിലെ പ്രകടനം കാണികളെ പ്രകമ്പനം കൊള്ളിക്കും. ഷോപ്പിംഗ് ഫെസ്റ്റിവല്‍ കമ്മിറ്റിക്കു വേണ്ടി ദേശീയ ചാമ്പ്യന്മാരായ ബാന്റി ഡോസ് മോട്ടോര്‍ സ്‌പോര്‍ട്ട്‌സ് ആണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ബിഗ്‌നേഴ്‌സ് ക്ലാസ്, നോവെയ്‌സ് ക്ലാസ്, ഇന്ത്യന്‍ എക്‌സ്പര്‍ട്ട്‌സ്, വിദേശ നിര്‍മ്മിത ബൈക്ക് ഓടിപ്പിക്കുന്നവരുടെ ഫോറിന്‍ ക്ലാസ്, സ്ത്രീകളുടെയും, കുട്ടികളുടെയും വിഭാഗം, 'ബുള്ളറ്റിന്റെ ഹിമാലയന്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരം. വിദേശ നിര്‍മ്മിത ബൈക്കുകളുടെ മത്സരത്തിലെ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം രുപയാണ് ഒന്നാം സമ്മാനം. ഒരോ കാറ്റഗറിയിലും ഒന്നു മുതല്‍ 5 വരെ സ്ഥാനത്തെത്തുന്നവര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും
ഇന്ത്യയിലെ ഫെഡറേഷന്‍ ഒഫ് മോട്ടോര്‍ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അംഗീകാരവും ലൈസന്‍സുമില്ലാതെ മത്സരത്തില്‍ പങ്കെടുക്കാനാവില്ല. മത്സരങ്ങള്‍ പൂര്‍ണമായും അവരുടെ മേല്‍നോട്ടത്തിലും സുരക്ഷാ ക്രമീകരണളിലും മാത്രമാണ് നടക്കുന്നത്. 9000 പേര്‍ക്കിരിക്കാവുന്ന ഗാലറിയാണ് ഇതിനായി ഒരുക്കുന്നത്.