ചാവക്കാട്: എടക്കഴിയൂർ ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെയും സഹോദരി സയ്യിദത്ത് ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ജാരത്തിൽ ആഘോഷിക്കുന്ന 162-ാമത് എടക്കഴിയൂർ ചന്ദനക്കുടം കൊടി കുത്ത് നേർച്ചയ്ക്ക് ആയിരങ്ങളെത്തി. രാവിലെ മുതൽ ആരംഭിച്ച കൊടി കയറ്റ കാഴ്ചകൾ 11.30 ന് ജാറത്തിന് മുന്നിലുള്ള ദേശീയപാത 66 റോഡിലെത്തി. ജാറത്തിനഭിമുഖമായി ഗജവീരന്മാർ അണിനിരന്നു. കൊടി കയറ്റ കാഴ്ചയും, താബുത്ത് കാഴ്ചയും, നാട്ടു കാഴ്ചയും ജാറത്തിലെത്തി. കൊടികയറ്റ കാഴ്ച്ചയിൽ 22 ഗജ വീരന്മാർ അണി നിരന്നു. കാഴ്ചക്ക് അറബനമുട്ട്, ദഫ്മുട്ട്, കോൽക്കളി, ഗാനമേള, വിവിധ വാദ്യമേളങ്ങൾ എന്നിവ അകമ്പടിയായി.
വളയംതോട് കൊഴപ്പാട്ട് അയ്യപ്പുവിന്റെ വസതിയിൽ നിന്നും കാഴ്ചകൾ ജാറത്തിലെത്തിയതോടെയാണ് നേർച്ചയ്ക്ക് തുടക്കമായത്. തുടർന്ന് വ്യക്തികൾ, ക്ലബ്ബുകൾ, സംഘടനകൾ എന്നിവയുടെ കാഴ്ചകളുമെത്തി. തെക്കു, വടക്കു ഭാഗം കമ്മിറ്റികളുടെ കൊടിക്കയറ്റ കാഴ്ചകളും, താബൂത്ത് കാഴ്ചയും ഉച്ചയോടെ നാടിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് മഖ്ബറയിലെത്തി. കുന്നംകുളം ഡിവൈ.എസ്.പി. ടി.എസ്. ഷിനോജ്, ചാവക്കാട് എസ്.ഐമാരായ യു.കെ. ഷാജഹാൻ, കെ.പി. ആനന്ദ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.