തൃശൂർ: വീടില്ലാത്തവർക്ക് വീട് എന്ന സർക്കാർ വാഗ്ദാനം വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞുവെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ. തൃശൂർ കോർപറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോർപറേഷൻ പരിധിയിൽ ലൈഫ് ആദ്യഘട്ടത്തിൽ 314 വീടുകളും രണ്ടാം ഘട്ടത്തിൽ 1300 വീടുകളും ലക്ഷം വീട് ഒറ്റവീടാക്കൽ പദ്ധതിയിൽ 71 വീടുകളും, ആകെ 1685 വീടുകളിൽ 966 വീടുകളുടെയും നിർമ്മാണം പൂർത്തീകരിച്ചു.

കുടുംബ സംഗമത്തിനോട് അനുബന്ധിച്ചു നടന്ന അദാലത്തിൽ പുതിയ റേഷൻ കാർഡിനുള്ള അപേക്ഷകൾ, കൂട്ടുകുടുംബമായുള്ള റേഷൻകാർഡുകൾ പ്രത്യേക കാർഡാക്കൽ, ആധാർ കാർഡിലെ തെറ്റുതിരുത്തലുകൾ, തൊഴിൽപരിശീലനം, സൗജന്യകുടിവെള്ള കണക്‌ഷൻ, കമ്പോസ്റ്റ് കുഴി , മഴക്കുഴി നിർമ്മാണം, എന്നിവയ്ക്കുള്ള അപേക്ഷകൾ സ്വീകരിച്ചു. ആരോഗ്യവകുപ്പ്, ശുചിത്വ മിഷൻ എൻ യൂ എൽ എം, കുടുംബശ്രീ, ക്ഷീര വികസന വകുപ്പ്, ഫിഷറീസ്, ക്ഷേമപെൻഷനുകൾ, എൻജിനിയറിംഗ്, റെവന്യൂ, ബാങ്ക്, അമൃത്, അക്ഷയ, സിവിൽ സപ്ലൈസ്, അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി എന്നിങ്ങനെ വിവിധ കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു.

500 ൽ അധികം പേർ പങ്കെടുത്തു. വിവിധ വകുപ്പുകളുടെ സേവനം ഉപയോഗപ്പെടുത്തി വിവിധ വകുപ്പുകളിലായി മുന്നൂറോളം പേരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമായി. മേയർ അജിത വിജയൻ അദ്ധ്യക്ഷയായി. ഡെപ്യൂട്ടി മേയർ റാഫി ജോസ് ലൈഫ് പി.എം.എ.വൈ ഗുണഭോക്താക്കൾക്കു തുണി സഞ്ചി വിതരണം ചെയ്തു. കോർപറേഷൻ അഡിഷണൽ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു.

കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ.വി. ജ്യോതിഷ് കുമാർ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ഷീബ ബാബു, കരോളി ജോഷ്വ, ചെയർമാൻമാരായ പി. സുകുമാരൻ, ജോൺ ഡാനിയേൽ, പ്രൊജ്ര്രക് കോ- ഓർഡിനേറ്റർ ധന്യ വിൻസെന്റ് തുടങ്ങിയവർ പങ്കെടുത്തു.