ഗുരുവായൂർ: ഓട്ടോ ഇടിച്ച് റെയിൽവേ ഗേറ്റ് തകർന്നു. റെയിൽവേ ഗേറ്റ് തുറക്കാനാകാത്തതിനെ തുടർന്ന് ഗുരുവായൂരിൽ ഒരു മണിക്കൂറോളം വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ രാവിലെ 9.05ന് പാസഞ്ചർ ട്രെയിൻ കടന്ന് പോകുന്നതിനായി ഗേറ്റടിക്കുന്നതിനിടെയാണ് അമിത വേഗതയിലെത്തിയ ഓട്ടോ റെയിൽവേ ഗേറ്റിൽ ഇടിച്ചത്. പിന്നീട് ട്രെയിൻ കടന്ന് പോയതിന് ശേഷം ഗേറ്റ് തുറക്കാനായില്ല. ഇതോടെ ഗുരുവായൂർ - തൃശൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഗേറ്റിന് ഇരു ഭാഗത്തും വാഹനങ്ങളുടെ നീണ്ട നിരയായി. പത്ത് മണിയോടെ വിദഗ്ധരെത്തിയാണ് തകരാർ പരിഹരിച്ചത്. ദിവസങ്ങൾക്കു മുമ്പും ഇത്തരത്തിൽ അപകടത്തെ തുടർന്ന് ഗേറ്റ് തകരാറിലായിരുന്നു.