കൊടുങ്ങല്ലൂർ: എറിയാട് പഞ്ചായത്തിൽ നടപ്പിലാക്കിയ പത്തോളം പദ്ധതികളുടെ ഉദ്ഘാടനം നാളെ നടക്കും. അഴീക്കോട് പുത്തൻപള്ളി ജംഗ്ഷനിലുള്ള ഫോർ സീസൺ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന ചടങ്ങിൽ പഞ്ചായത്തിൽ പണി പൂർത്തീകരിച്ച 154 ലൈഫ് ഭവനങ്ങളുടെ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീനും 42 ലക്ഷം രൂപ ചെലവ് ചെയ്ത് കർഷകർക്ക് ആശ്വാസം നൽകുന്ന ജീവനി പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാറും നിർവഹിക്കും. 45 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഗ്യാസ് ക്രിമിറ്റോറിയം ബെന്നി ബെഹനാൻ എം.പിയും 33 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബഡ്സ് സ്കൂൾ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയും മെറ്റീരിയൽ റിക്കവറി സെന്റർ കളക്ടർ എസ്. ഷാനവാസും ഉദ്ഘാടനം ചെയ്യും. ത്രിതല പഞ്ചായത്ത് അദ്ധ്യക്ഷന്മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് വിവിധ കലാപരിപാടികളും നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ, വൈസ് പ്രസിഡന്റ് എം.കെ. സിദ്ദിഖ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുഗത ശശിധരൻ, അംബിക ശിവപ്രിയൻ എന്നിവർ വിശദീകരിച്ചു.