ചാലക്കുടി: കൊരട്ടി കിൻഫ്ര വ്യവസായ പാർക്കിൽ പുതുതായി നിർമ്മിച്ച സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി കെട്ടിട സമുച്ചയം തിങ്കളാഴ്ച വൈകീട്ട് നാലിന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. 69403 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിട നിർമ്മാണത്തിന് 11.50 കോടി രൂപ ചെലവായെന്ന് ബി.ഡി. ദേവസി എം.എൽ.എ വാർത്താ സമ്മേളത്തിൽ പറഞ്ഞു. ഏഴ് കമ്പനികളാണ് ഇതിൽ പ്രവർത്തിക്കുക. ഇതിൽ പുതുതായി മുന്നൂറു പേർക്ക് ജോലി ലഭിക്കും. നിലവിലെ 47 കമ്പനികളിലായി 1200 പേരും ജോലി ചെയ്യുന്നുണ്ട്. 30 ഏക്കറിലാണ് കിൻഫ്ര വ്യവസായ പാർക്കിന്റെ പ്രവർത്തനം. ഇനി കെട്ടിടങ്ങൾ നിർമ്മിക്കണമെങ്കിൽ തൊട്ടടുത്ത ഗവ. ഓഫ് ഇന്ത്യ പ്രസിന്റെ സ്ഥലം ആവശ്യമായി വരും. ഇതിന്റെ ശ്രമങ്ങൾ നേരത്തെ ആരംഭിച്ചു. എം.എൽ.എ തുടർന്നു പറഞ്ഞു. ബെന്നി ബെഹന്നാൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ, കളക്ടർ എ. ഷാനവാസ്, കിൻഫ്ര എം.ഡി. സന്തോഷ് കോശി തോമസ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.