കൊടുങ്ങല്ലൂർ: നഗരസഭയിൽ താമസിക്കുന്നവർക്കും നഗരസഭയിലെ വിദ്യാലയങ്ങളിൽ പഠിക്കുന്നവർക്കും വിവിധ കായികമേഖലകളിൽ വിദഗ്ദ്ധ കോച്ചിംഗ് നൽകി ഓരോ മേഖലയിലും മികച്ച ടീമുകൾ രൂപീകരിക്കുന്നതിനുള്ള പദ്ധതികളുടെ ഉദ്ഘാടനം ഇന്നലെ നടന്നു.

വോളിബാളിൽ കഴിഞ്ഞ വർഷം നൂറോളം വിദ്യാർത്ഥികൾക്ക് കോച്ചിംഗ് നൽകി വോളി അക്കാഡമി രൂപീകരിക്കുകയും മികച്ച ഒരു ജൂനിയർ ടീം രൂപീകരിക്കുകയും ചെയ്തതിന്റെ തുടർച്ചയായി ഫുട്ബാൾ, ക്രിക്കറ്റ്, കബഡി, വോളിബാൾ, സ്വിമ്മിംഗ് എന്നിവയിൽ കൂടി പരിശീലനം നൽകാൻ, വിദഗ്ദ്ധരെ നിയോഗിച്ചാണ് നഗരസഭ ഈ രംഗത്ത് കൂടി ശ്രദ്ധയൂന്നുന്നത്.

കഴിഞ്ഞ വർഷം അഞ്ച് ലക്ഷം രൂപ ചെലവിൽ രണ്ട് വോളിബാൾ കോർട്ടുകൾ നഗരസഭ പരിശീലനത്തിനായി നിർമ്മിച്ചിരുന്നു. ഇക്കുറി എല്ലാ മേഖലകളിലുമായി 530 കുട്ടികൾക്കാണ് പരിശീലന പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 17 വയസ് മുതൽ 19 വയസ് വരെയുള്ള കുട്ടികളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഒന്നാം ഘട്ടത്തിൽ 280 പേർക്ക് പരിശീലനം നൽകും. 7 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് പദ്ധതി. ശനി, ഞായർ ദിവസങ്ങളും അവധി ദിവസങ്ങളും പരിശീലനത്തിനായി പ്രയോജനപ്പെടുത്തും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് നഗരസഭ സർട്ടിഫിക്കറ്റുകൾ നൽകും.

കായിക പദ്ധതികളുടെ ഉദ്ഘാടനം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ഹണി പീതാംബരൻ അദ്ധ്യക്ഷയായി. പി.എൻ. രാമദാസ്, കെ.എസ്. കൈസാബ്, എം.കെ. സഹീർ, ഡോ. പി.വി. ആശാലത, കെ.എം. രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.