കൊടുങ്ങല്ലൂർ: കോളേജ് വിദ്യാർത്ഥിയെ വളഞ്ഞിട്ട് മർദ്ദിക്കുന്ന രംഗം സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് അഞ്ച് പേരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം സ്വദേശികളായ മണ്ണാന്ത്ര അനീഷ് (22), ചുള്ളിപറമ്പിൽ അജിൻ (22), കുറ്റിക്കാട്ടിൽ അഫ്സൽ(20), ചണാടിക്കൽ വൈശാഖ് (20), എരുമത്തുരുത്തി ധീരജ് (21) എന്നിവരെയാണ് മതിലകം എസ്.ഐ: കെ.പി. മിഥുനും സംഘവും അറസ്റ്റ് ചെയ്തത്.
പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിലെ മൂന്നാം വർഷ ബി.എസ്.സി ബോട്ടണി വിദ്യാർത്ഥി കഴിമ്പ്രം സ്വദേശി അഖിൽ കൃഷ്ണനെയാണ് ഈ അഞ്ചംഗ സംഘം വളഞ്ഞിട്ട് മർദ്ദിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കോളേജ് ഗേറ്റിന് പുറത്ത് വച്ചായിരുന്നു അതിക്രമം. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മതിലകം പൊലീസ് കേസെടുത്തിരുന്നു.
ഡിസംബർ 27 ന് കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലിനിടെയുണ്ടായ വഴക്കാണ് അഖിലിനെ മർദ്ദിക്കാൻ കാരണമെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. എസ്.ഐയെ കൂടാതെ എ.എസ്.ഐ: ഗോപി , സീനിയർ സി.പി.ഒമാരായ രമേഷ്, ജിബിൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.