തൃശൂർ: പണം ലഭ്യമാകാത്തതിനാൽ ഒന്നര വർഷത്തോളം മുടങ്ങിക്കിടന്ന കുതിരാൻ തുരങ്ക നിർമ്മാണപ്രവർത്തനങ്ങൾ അടുത്ത ആഴ്ച തുടങ്ങിയേക്കും. മൂന്ന് ദിവസത്തിനുള്ളിൽ മുഴുവൻ കുടിശ്ശികയും നൽകാൻ ദേശീയപാത അതോറിറ്റി ഒഫ് ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഇതോടെയാണ് കുതിരാൻ തുരങ്കനിർമ്മാണ പ്രവർത്തനങ്ങൾക്ക് ജീവൻ വയ്ക്കുന്നത്.
സജ്ജീകരണങ്ങൾ ഒരുക്കിയ ശേഷം ദ്രുതഗതിയിൽ പണി തുടരാനാണ് കമ്പനിയുടെ ശ്രമം. രണ്ട് തുരങ്കങ്ങളുടെയും അറ്റം ബന്ധിപ്പിക്കുന്ന വെള്ളം സുഗമമായി ഒഴുകിപ്പോകാൻ അഴുക്കുചാൽ ആണ് ആദ്യം നിർമ്മിക്കുന്നത്. മരങ്ങളും മുറിക്കേണ്ടി വരും.
ഇതിന് വനംവകുപ്പിൻ്റെ അനുമതി ഉടൻ ലഭിക്കണം. വായുസഞ്ചാരം ഉറപ്പാക്കാനുള്ള ഫാനുകളും വെളിച്ചം കൂട്ടാനുള്ള ലൈറ്റുകളും മുഴുവനായി ഘടിപ്പിക്കും. സാമ്പത്തിക തടസം ഉണ്ടായില്ലെങ്കിൽ മൂന്ന് മാസത്തിനുളളിൽ ഒരു തുരങ്കം പൂർണ്ണമായും ഗതാഗതത്തിന് തുറന്ന് കൊടുക്കാനാകുമെന്നാണ് കമ്പനി അധികൃതരുടെ പ്രതീക്ഷ.
അതേസമയം, കുതിരാൻ മേഖലയിൽ 3.2 കിലോ മീറ്റർ പവർഗ്രിഡ് കേബിൾ സ്ഥാപിക്കാനുളള ശ്രമം നടക്കുമ്പോൾ ഒരു തുരങ്കം തുറന്ന് കൊടുക്കണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. പ്രളയസമയത്ത് 623 വാഹനങ്ങൾ ഒരു തുരങ്കത്തിലൂടെ കടന്ന് പോയിരുന്നു. എന്നാൽ തുരങ്കം തുറന്ന് കൊടുത്തതിൻ്റെ പേരിൽ വിമർശനവും പൊലീസ് നേരിട്ടിരുന്നു.
ഇനി കെ.എം.സി നേരിട്ട്
ഉപകരാർ ഏറ്റെടുത്തിരുന്ന പ്രഗതി കമ്പനിയെ കുടിശ്ശിക തീർത്ത് ഒഴിവാക്കിയതോടെ നിർമ്മാണം ഇനി കെ.എം.സി നേരിട്ട് നടത്തും. വൈഷ്ണോവ് ഇൻഫ്രാസ്ട്രക്ച്ചർ എന്ന കമ്പനി വഴിയാകും കെ.എം.സിയുടെ നിർമ്മാണപ്രവർത്തനം. ആദ്യതുരങ്കത്തിന്റെ തൊണ്ണൂറ് ശതമാനം പണി പൂർത്തിയായിട്ടുണ്ട്.
''കുടിശ്ശിക ഈ മാസം 15 നുളളിൽ കിട്ടുമെന്നാണ് അറിയിച്ചിരിക്കുന്നത്. തുടർന്നുള്ള നിർമ്മാണത്തിനുള്ള പണവും മുറയ്ക്ക് ലഭ്യമായാൽ പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കാൻ കഴിയും. അവസാനവട്ട നിർമ്മാണപ്രവർത്തനം പൂർത്തിയാക്കാനുണ്ടെങ്കിലും ഒരു തുരങ്കത്തിൽ സുരക്ഷാപ്രശ്നങ്ങളില്ല. അടിയന്തര ഘട്ടത്തിൽ താത്കാലികമായി ഗതാഗതത്തിന് തുറന്ന് കൊടുക്കാവുന്നതുമാണ്. ''
-തുരങ്ക നിർമ്മാണ കമ്പനി വക്താവ്
വഴിയൊരുങ്ങിയത്
പണി ഉടൻ തുടങ്ങണമെന്ന് ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശം
കരാർ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് മുന്നറിയിപ്പ്
സ്വന്തം ഫണ്ടിൽ നിന്ന് പണം ലഭ്യമാക്കുന്നതിനുള്ള നടപടികൾ
ഫണ്ടിന് ബാങ്ക് കൺസോർഷ്യത്തെ ആശ്രയിക്കുന്നത് ഒഴിവാക്കി
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ
തുരങ്ക നിർമ്മാണത്തിന് വകയിരുത്തിയത് : 910 കോടി രൂപ.
പണി പൂർത്തിയാകാൻ കുടിശ്ശിക ഒഴികെ വേണ്ടത്: 12 കോടി