namajapam
.ഭക്തർക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് നടത്തിയ നാമജപ യാത്ര

എരുമപ്പെട്ടി: നെല്ലുവായ് ശ്രീ ധന്വന്തരീ ക്ഷേത്രത്തിലെ ഏകാദശി ആഘോഷത്തിനിടെ ദേവസ്വം ഓഫീസറുമായുണ്ടായ തർക്കത്തെ തുടർന്ന് മുൻ ഉപദേശക സമിതി ഭാരവാഹികൾ ഉൾപ്പെടെയുള്ള ഭക്തർക്കെതിരെ പൊലീസിൽ പരാതി നൽകി ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത നടപടിക്കെതിരെ ഭക്തജനങ്ങൾ നാമജപം നടത്തി പ്രതിഷേധിച്ചു. മുൻവർഷങ്ങളിൽ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് ഏകാദശിയാഘോഷം നടത്തിയിരുന്നത്. എന്നാൽ ഈ വർഷം ദേവസ്വം നേരിട്ട് നടത്തുകയായിരുന്നു.

അതേസമയം അലങ്കാരം, പ്രസാദ ഊട്ട് തുടങ്ങിയവയിൽ കാര്യമായ ഒരുക്കങ്ങൾ നടത്താത്തതിനാൽ പോരായ്മയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മുൻ ഉപദേശക സമിതി അംഗങ്ങൾ ഉൾപ്പെടെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് ദേവസ്വം ഓഫീസർ തന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് കാണിച്ച് നൽകിയ പരാതിയിലാണ് ക്ഷേത്ര ഉപദേശക സമിതി മുൻ ഭാരവാഹികൾ ഉൾപ്പടെയുള്ള 12 പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസെടുത്തിരിക്കുന്നത്. സംഭവ സ്ഥലത്ത് ഇല്ലാത്തവരെയും പരാതി പ്രകാരം പ്രതിചേർത്തതായും ആരോപണമുണ്ട്.

പ്രതിഷേധം സമാധാനപരമായിരുന്നെന്നും ഏകാദശിയാഘോഷത്തെ ബാധിച്ചില്ലെന്നും ആഘോഷത്തിന് എല്ലാവരും സഹകരിച്ചിരുന്നെന്നും മുൻ ഉപദേശക സമിതി സെക്രട്ടറി വി.എൻ. രാജൻ പറഞ്ഞു. പ്രതിഷേധത്തിന് വി.എൻ. രാജൻ, ഒ.ഡി. ദാമോദരൻ നമ്പീശൻ, സി. വേണു, വടുതല മോഹനൻ, ജയപ്രസാദ് കളരിക്കൽ, എൻ.പി. രാജകുമാർ, വനജ കള്ളിക്കാട്ടിൽ, രമണി രാജൻ വടുതല നേതൃത്വം നൽകി.