101 മേള കലാകാരന്മാർ പങ്കെടുക്കുന്ന മകരസംക്രാന്തി പഞ്ചാരി മേളത്തിന് ഒരുക്കം പൂർത്തിയായി
കൊടുങ്ങല്ലൂർ: ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് തുടക്കം കുറിക്കുന്ന മകരസംക്രാന്തി ദിനമായ നാളെ വൈകീട്ട് 101 കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. മേള രംഗത്തെ പ്രമുഖർ ഒന്നടങ്കം മകര സംക്രാന്തി ദിനത്തിലെ പഞ്ചാരിമേളത്തിൽ പങ്കെടുക്കും. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ വടക്കെ നടപ്പന്തലിലാണ് മേളം നടക്കുക. താലപ്പൊലി മഹോത്സവത്തിന്റെ തുടക്കം കുറിച്ചു കൊണ്ടുള്ള 1,101 കതിന വെടികളുടെ ആരവമടങ്ങുന്നതോടെ മകര സംക്രാന്തി പഞ്ചാരിമേളത്തിന് തുടക്കമാകും. തിരുവല്ല രാധാകൃഷ്ണൻ മേളത്തിന് പ്രമാണിത്തം വഹിക്കും. വലിയ തമ്പുരാൻ രാമവർമ്മ രാജമേളത്തിന് ഭദ്രദീപം കൊളുത്തും. താലപ്പൊലി ദിവസങ്ങളിലെ മേളത്തിലേക്ക് ദേവസ്വം ബോർഡിന്റേത് കൂടാതെ കൂടുതൽ മേളകലാകാരന്മാരെ അണിനിരത്തുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ചെയർമാൻ കെ.ജി ശശിധരൻ, ജനറൽ കൺവീനർ സി.എസ് ശ്രീനിവാസൻ, യു.ടി പ്രേംനാഥ്, അബിൻ അരുൺ എന്നിവർ അറിയിച്ചു.