ഗുരുവായൂർ: ക്ഷേത്ര നഗരിയായ ഗുരുവായൂരിൽ അനധികൃത നിർമാണങ്ങൾ നടക്കുന്നതായി ചൂണ്ടിക്കാട്ടി ഭരണപക്ഷത്തെ പ്രമുഖ കൗൺസിലർ രംഗത്ത്. ജനതാദൾ എസ് സംസ്ഥാന സെക്രട്ടറിയും നഗരസഭാ മുൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനുമായ സുരേഷ് വാരിയരാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ നഗരസഭയിലെ അനധികൃത നിർമാണങ്ങൾക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്. കൊച്ചിയിലെ അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിന് ഉത്തരവ് നൽകിയ സുപ്രീം കോടതിക്ക് നന്ദി പറയുന്ന പോസ്റ്റിൽ ക്ഷേത്ര നഗരമായ ഗുരുവായൂരിൽ നിർമ്മിച്ച അനധികൃത കെട്ടിടങ്ങൾക്ക് നിയമ സാധൂകരണം നൽകിയ സംസ്ഥാന സർക്കാരിന്റെ നടപടി ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചവർക്ക് തണൽ നൽകേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വൻ തോതിൽ നിർമാണങ്ങൾ നടക്കുന്ന ഗുരുവായൂരിൽ പലതും ചട്ടങ്ങൾ ലംഘിച്ചാണെന്ന് ആക്ഷേപമുണ്ട്.