sasikala-

തൃശൂർ: പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നതിലൂടെ,​ വർഗീയ കലാപത്തിന്‌ കോപ്പു കൂട്ടാനുള്ള ശ്രമമാണ് പ്രതിപക്ഷ പാർട്ടികളുടേതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് തൃശൂരിൽ ജനജാഗരണ സദസിൽ സംസാരിക്കുകയായിരുന്നു അവർ. 1921 ലുണ്ടായ മലബാർ കലാപം ഒരു വട്ടം കൂടി സൃഷ്ടിക്കാനാണ് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ശ്രമിക്കുന്നത്. മലബാർ കലാപത്തിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം. അതിനും ഇരയായത് മുസ്ലിങ്ങളാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ്‌ കോൺഗ്രസ് ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യ സമരത്തെ കുറിച്ച് തെറ്റായ പ്രസ്താവനകൾ നടത്തുന്ന ഇക്കൂട്ടർ പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്തെ മുസ്ലിങ്ങളെ നാടു കടത്തുമെന്ന കുപ്രചരണം അഴിച്ചുവിടുകയാണ്.

ഹിന്ദു എക്യവേദിയുടെ ജനജാഗ്രതാ സദസുകൾ നടക്കുന്ന പ്രദേശങ്ങളിലെ കടകമ്പോളങ്ങൾ അടച്ചിട്ട് ഹർത്താലാക്കി മാറ്റണമെന്ന് ഇടത് ജിഹാദികൾ ആഹ്വാനം ചെയ്യുന്നത് സത്യത്തെ ഭയപ്പെടുന്നതു കൊണ്ടാണെന്നും കൂട്ടിച്ചേർത്തു. മണി വ്യാസപീഠം അദ്ധ്യക്ഷത വഹിച്ചു. പി. സുധാകരൻ, ബാലൻ പണിക്കശേരി, ബി.ആർ ബലരാമൻ, വി. ശ്രീനിവാസൻ എന്നിവർ സംബന്ധിച്ചു...