തൃശൂർ: കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തോടെ കാണികളെ ആവേശം കൊള്ളിച്ച് ബൈക്കുകളുടെ പ്രകടനം. അന്താരാഷ്ട്ര ബൈക്ക് സ്റ്റണ്ടർമാരായ ആഷിക് മിൻ ഇവാൻജനി (റഷ്യ), വേൺസ് ബെർഗർ തോമസ് (ഓസ്ട്രിയ) എന്നിവരാണ് സാഹസിക പ്രകടനം കാഴ്ചവച്ചത്. റാമ്പിലൂടെ വേഗത്തിൽ ഓടിച്ചു വരുന്ന ബൈക്കുകൾ 40 അടിയിലേറെ ഉയരത്തിൽ പൊങ്ങി തലകീഴായി മറിഞ്ഞുളള അഭ്യാസപ്രകടനം വിസ്മയക്കാഴ്ച്ചയായി.
ബൈക്ക് റേസിംഗ് 7 കാറ്റഗറി മത്സരങ്ങളുടെ ഫൈനൽസും നടന്നു. ബിഗിനേഴ്‌സ് ക്ലാസ്, നോവെയ്‌സ് ക്ലാസ് വിഭാഗങ്ങളിൽ കരൺ കുമാറും ഇന്ത്യൻ എക്‌സ്പെർട്‌സ്, ഹിമാലയൻ വിഭാഗത്തിൽ സുഹൈൽ അഹമ്മദ് എന്നിവരും വിജയികളായി. വിദേശ നിർമ്മിത ബൈക്ക് ഓടിക്കുന്നവരുടെ ഫോറിൻ ക്ലാസ്-ജാവേദ് ഷേക്, സ്ത്രീകളുടെ വിഭാഗം - യു. ഫസീല, അണ്ടർ 14 കുട്ടികളുടെ വിഭാഗം - ജെ.കെ. സംഗവ് എന്നിവരാണ് മറ്റു വിജയികൾ.'ഹാപ്പി ഡേയ്‌സ് തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ദേശീയ ചാമ്പ്യന്മാരായ ബാന്റി ഡോസ് മോട്ടോർ സ്‌പോർട്സ് ആണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ബിഗിനേഴ്‌സ് ക്ലാസ്, നോവെയ്‌സ് ക്ലാസ്, ഇന്ത്യൻ എക്‌സ്പെർട്‌സ്, വിദേശ നിർമ്മിത ബൈക്ക് ഓടിക്കുന്നവരുടെ ഫോറിൻ ക്ലാസ്, സ്ത്രീകളുടെയും, കുട്ടികളുടെയും വിഭാഗം, 'ബുള്ളറ്റിന്റെ ഹിമാലയൻ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. 9,000 പേർക്കിരിക്കാവുന്ന ഗാലറിയാണ് ഒരുക്കിയിരുന്നത്.