തൃശൂർ: തൃശൂർ - കാഞ്ഞാണി - വാടാനപ്പിള്ളി റോഡിൽ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ മൂന്ന് പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ 394 അപകടങ്ങളിൽ പൊലിഞ്ഞത് 27 പേരുടെ ജീവൻ. അപകടം തുടരുമ്പോഴും, റോഡ് പണിപൂർത്തിയാക്കാത്ത സാഹചര്യത്തിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി.
ഇത് സംബന്ധിച്ച ഹർജി ഈയാഴ്ച ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. തൃശൂർ ടൗൺ വെസ്റ്റ്, അന്തിക്കാട്, വാടാനപ്പിളളി പൊലീസ് സ്റ്റേഷനുകളിൽ നിന്ന് വിവരാവകാശ നിയമപ്രകാരം അഡ്വ. ഷാജി ജെ. കോടങ്കണ്ടത്തിന് ലഭിച്ച മറുപടിയിലാണ് അപകടങ്ങളും മരണങ്ങളുടെയും കണക്ക് വ്യക്തമാക്കുന്നത്. ഹൈക്കോടതിയിൽ അദ്ദേഹം സമർപ്പിച്ച ഹർജിയിലെ മറുപടിയിൽ കഴിഞ്ഞ മേയ് 31 നുളളിൽ റോഡ് പണി പൂർത്തീകരിക്കാമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ വ്യക്തമാക്കിയിരുന്നു.
എന്നാൽ പണി പൂർത്തീകരിച്ചില്ല. പണി പെട്ടെന്ന് അവസാനിപ്പിക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടത്. പടിഞ്ഞാറെക്കോട്ടയിൽ നിന്ന് എറവ് വരെയുളള 9 കി.മീ ദൂരം റോഡ് പണിയുന്നതിന് 2015 ആഗസ്റ്റ് പത്തിന് ഭരണാനുമതി ലഭിച്ചിരുന്നു. 2016 ഫെബ്രുവരിയിൽ ടെൻഡർ വിളിച്ച് നിർമ്മാണ കമ്പനിയായ കൺട്രോളി ബിൽഡേഴ്‌സ് ഇൻഫ്രാസ്‌ട്രെക്ച്ചർ എന്ന കമ്പനിയുമായി കരാറിൽ ഏർപ്പെട്ടു.
12 മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാനായിരുന്നു വ്യവസ്ഥ. എന്നാൽ കൃഷിമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ എം.പി, എം.എൽ.എ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിൽ 17 മീറ്റർ വീതിയിൽ റോഡ് അക്വയർ ചെയ്ത ശേഷം പണി നടത്തിയാൽ മതിയെന്ന് നിശ്ചയിച്ചിരുന്നതിനാലാണ് നിർമ്മാണത്തിന് കഴിയാതിരുന്നതെന്ന് പി.ഡബ്ലിയു.ഡി. എക്‌സിക്യൂട്ടീവ് എൻജിനീയർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
2016 ൽ കരാറിൽ ഏർപ്പെട്ട സമയത്ത് റോഡ് പണി ആരംഭിച്ചിരുന്നുവെങ്കിൽ റോഡ് പണി 2017 ൽ തന്നെ പൂർത്തീകരിക്കുവാൻ സാധിക്കുമായിരുന്നുവെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. പണി പൂർണ്ണമായി നടത്താത്തത് കാരണം അപകടം കൂടുകയാണെന്നും പറയുന്നു.
വാടാനപ്പിളളി സ്റ്റേഷൻ പരിധിയിൽ:
22 അപകടങ്ങൾ
അന്തിക്കാട്:
123 അപകടങ്ങൾ 12 മരണങ്ങൾ
ടൗൺ വെസ്റ്റ് :
149 അപകടങ്ങൾ 13 മരണങ്ങൾ
....................
റോഡിന്റെ ഒന്നാം ഘട്ടം പൂർത്തീകരിക്കുന്നതിന് വേണ്ടത് : 51.94 കോടി രൂപ.
രണ്ടാം ഘട്ടം പൂർത്തീകരിക്കുന്നതിന്: 182 കോടി
...............
''രണ്ട് ഘട്ടവും പൂർത്തീകരിക്കുന്നതിന് ഫണ്ട് അനുവദിച്ചാൽ മാത്രമേ റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാനും അപകടങ്ങൾ കുറയ്ക്കുവാനും കഴിയൂ. ഹൈക്കോടതിയിൽ ബോധിപ്പിച്ച ദിവസം പിന്നിട്ട് ഏഴ് മാസമായിട്ടും റോഡിന്റെ പണി പൂർത്തിയാക്കാത്തതിനാലാണ് വീണ്ടും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.''
- അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്, ഡി.സി.സി ജനറൽ സെക്രട്ടറി.