മറികടക്കാനൊരുങ്ങുന്നത് ചൈനയിലെ 3,200 മീറ്റർ നീളം
നിർമ്മാണം ഇങ്ങനെ
നീളം 6500 മീറ്ററിൽ
5 ഇഞ്ച് വീതം വീതിയിലും ഉയരത്തിലും.
140 നിയോജക മണ്ഡലങ്ങളിലെ ചെറുകിട ബേക്കറികൾക്കും ഷെഫുമാർക്കും നിർമാണത്തിൽ പ്രാതിനിധ്യം.
20 ടണ്ണിൽ കൂടുതൽ തൂക്കം
പങ്കാളികളാകുന്നത് ആയിരം ഷെഫുമാർ
നിർമ്മാണം ഒരു മണിക്കൂർ കൊണ്ട്
ചെലവ് അറുപത് ലക്ഷത്തോളം രൂപ
സജ്ജമാക്കുക 2700 മേശകളിൽ
തൃശൂർ: ഗിന്നസ് റെക്കാഡ് ലക്ഷ്യമിട്ട് തൃശൂരിൽ 6,500 മീറ്റർ നീളത്തിൽ ഭീമൻ കേക്ക് ഒരുങ്ങുന്നു. ചൈനയിൽ നിർമിച്ച 3,200 മീറ്റർ കേക്കാണ് നിലവിലുള്ള ലോക റെക്കാഡെന്നും തൃശൂരിൽ ഒരുക്കുന്ന കേക്ക് ഇതിനെ മറികടക്കുമെന്നും ബേയ്ക്ക് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അവകാശപ്പെട്ടു. തൃശൂരിൽ രാമനിലയത്തിന് ചുറ്റുമുള്ള റോഡിൽ ഏഴു നിരയായി മേശകൾ ഒരുക്കി അതിലാണ് ആറര കിലോമീറ്റർ നീളത്തിൽ ചോക്കലേറ്റ് കേക്ക് ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേയ്ക്ക്) സജ്ജീകരിക്കുന്നത്.
ബേക്കേഴ്‌സ് അസോസിയേഷന്റെ ആപ്തവാക്യമായ ശുചിയിലൂടെ രുചി എന്നതിലൂന്നിയായിരിക്കും കേക്ക് നിർമാണമെന്നും പ്ലാസ്റ്റിക്, തെർമോകോൾ എന്നിവ ഉപയോഗിക്കില്ലെന്നും ഭാരവാഹികൾ പറഞ്ഞു. ബേയ്ക്ക് സംസ്ഥാന കമ്മിറ്റി മുഖ്യ നേതൃത്വം നൽകുന്ന കേക്ക് നിർമാണത്തിന്റെ പ്രധാന ചുമതലക്കാർ സംസ്ഥാന സെക്രട്ടറി കിരൺ എസ് പാലക്കൽ, ജനറൽ സെക്രട്ടറി റോയൽ നൗഷാദ് എന്നിവരാണ്. തൃശൂർ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സമാപനദിനമായി 15ന് ഉച്ചയ്ക്ക് രണ്ടു മുതൽ നാലുവരെ ഭീമൻ കേക്ക് പൊതുജനങ്ങൾക്ക് കാണാൻ അവസരമുണ്ടാകും. തുടർന്ന് കേക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് കിരൺ എസ് പാലക്കൽ, ജില്ല പ്രസിഡന്റ് എം.കെ ജയപ്രകാശൻ, വൈസ് പ്രസിഡന്റ് എം.വി നവീൻ, ജില്ല സെക്രട്ടറി ഹെന്നി ജോസഫ്, ട്രഷറർ ജെൽസൺ ജെ ആളൂർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.