തൃശൂർ: വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായി തൃശൂർ വിസ്മയം ബുക്‌സ് ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ്, കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് സി.ബി.ഗീത, ശബരിമല മുൻ മേൽശാന്തി എ.വി.ഉണ്ണികൃഷ്ണൻ നമ്പൂതിരി, ടെലിവിഷൻ നടൻ ഇബ്രാഹിംകുട്ടി, തിരക്കഥാകൃത്ത് അനിൽ ചേർത്തല, ഹ്യൂമൻ റൈറ്റ്‌സ് ഫൗണ്ടേഷൻസ് നാഷണൽ വൈസ് ചെയർമാൻ ഡോ. ഷാഹുൽ ഹമീദ്, വിവിധ വിഷയങ്ങളിൽ ഒരു ഡസനോളം ബിരുദാനന്തര ബിരുദങ്ങൾ നേടിയ ഡോ. കെ.എക്‌സ്.ട്രീസ ടീച്ചർ, കഥാകൃത്ത് ഡോ. പി.സജീവ്കുമാർ, വൈദ്യരത്‌നം നിഷികാന്ത് പാടൂർ, ഐശ്വര്യ ഗ്രൂപ്പ് ചെയർമാൻ രാമചന്ദ്രൻ പലേരി, ബാംഗളൂർ കേരള സമാജം സെക്രട്ടറി റെജികുമാർ, നോവലിസ്റ്റ് ഇ.കെ.ശശിധരൻ, കവി രവീന്ദ്രൻ ഇരിണാവ് എന്നിവർക്കാണ് പ്രതിഭാ പുരസ്‌കാരങ്ങൾ നൽകുക. യൂത്ത് ഐക്കൺ അവാർഡ് നടി ശരണ്യയ്ക്ക് നൽകും. എല്ലാവർക്കും പതിനായിരം രൂപയും ശിൽപവുമടങ്ങുന്നതാണ് അവാർഡെന്ന് വിസ്മയം ബുക്‌സ് എം.ഡി ടി.ഡി.സത്യൻ, സ്വാഗത സംഘം ചെയർമാൻ റഹിം പൂവാട്ടുപറമ്പ്, ജനറൽ കൺവീനർ പെരിഞ്ഞനം സുകുമാരൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഫെബ്രുവരി ഒന്നിന് വൈകിട്ട് മൂന്നിന് സാഹിത്യ അക്കാഡമി ഹാളിൽ ചീഫ് വിപ്പ് കെ.രാജൻ, ടി.എൻ.പ്രതാപൻ എംപി എന്നിവർ പുരസ്‌കാരങ്ങൾ സമ്മാനിക്കും.