തൃശൂർ: ഈ വർഷം ടോക്കിയോയിൽ നടക്കുന്ന ഒളിമ്പിക്‌സിൽ കേരളത്തിന്റെ ശക്തമായ സാന്നിധ്യം ഉണ്ടാകുമെന്നും ഒരു മെഡലെങ്കിലും നേടുകയാണ് ലക്ഷ്യമെന്നും കായിക മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച സ്‌പോർട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സന്തോഷ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ച വച്ച കേരള ടീമംഗങ്ങൾക്ക് ജോലി നൽകാനും കായിക പ്രതിഭകളെ സംരക്ഷിക്കാനും നടപടി സ്വീകരിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ സ്‌പോർട്‌സ് കൗൺസിൽ രൂപീകരിക്കും. സ്‌പോർട്‌സ് ക്ലബുകളെ അവയുമായി അഫിലിയേറ്റ് ചെയ്യിക്കും. കായിക മേഖലയിൽ ആയിരം കോടിയുടെ മുതൽ മുടക്കാണ് സർക്കാർ നടത്തിയതെന്നും മന്ത്രി പറഞ്ഞു. കായികതാരങ്ങൾക്ക് ശാരീരിക ക്ഷമത ഉറപ്പുവരുത്തുന്നതിനാണ് സ്‌പോർട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്ററുകൾ സ്ഥാപിക്കുന്നത്. 43 ഇൻഡോർ സ്റ്റേഡിയങ്ങളും 33 സ്വിമ്മിംഗ് പൂളുകളും ആരംഭിച്ചു. 42.95 ലക്ഷം രൂപ മുതൽ മുടക്കി ആധുനിക സൗകര്യങ്ങളോടെയാണ് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഫിറ്റ്‌നസ് സെന്റർ സ്ഥാപിച്ചത്. മേയർ അജിത വിജയൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ്, ജില്ലാ കളക്ടർ എസ്. ഷാനവാസ്, അർജ്ജുന അവാർഡ് ജേതാവ് ഐ.എം വിജയൻ, ചലച്ചിത്രതാരം ജയരാജ് വാര്യർ, കൗൺസിലർമാരായ വർഗ്ഗീസ് കണ്ടംകുളത്തി, കെ. മഹേഷ്, കായിക വകുപ്പ് ഡയറക്ടർ ജറോമിക് ജോർജ്ജ്, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻ്റ് കെ.ആർ സാംബശിവൻ എന്നിവർ സംസാരിച്ചു.