കയ്പമംഗലം: മാർച്ച് മാസം അവസാനത്തോടെ മൂന്നുഘട്ടങ്ങളിലായി സംസ്ഥാനത്ത് അഞ്ച് ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുമെന്ന് വ്യവ്യസായ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. കയ്പമംഗലം പഞ്ചായത്തിന്റെ നവീകരിച്ച ഫ്രണ്ട് ഓഫീസ് ഉദ്ഘാടനവും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച 111 വീടുകളുടെ താക്കോൽദാനവും , എം.സി.എഫ് ഉദ്ഘാടനവും കയ്പമംഗലം ഗ്രാന്റ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ഒന്നാം ഘട്ടത്തിൽ പാതി വഴിയിൽ ഭവന നിർമ്മാണം നിലച്ചുപോയവർക്കും ഭൂമിയുള്ളവർക്കുമുള്ള വീടിന്റെ നിർമ്മാണം ഈ മാസത്തോടെ പൂർത്തിയാക്കും. ഭൂമിയില്ലാത്തവർക്കും രണ്ടാം ഘട്ടത്തോടെ വീടു നിർമ്മിച്ചു നൽകും. മൂന്നാം ഘട്ടത്തിൽ കടലോരത്തു താമസിക്കുന്ന മത്സ്യതൊഴിലാളികൾക്ക് ഫ്ലാറ്റ് നിർമ്മിച്ചു നൽകി മാർച്ച് മാസം അവസാനത്തോടെ മൊത്തം അഞ്ച് ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കും. ഭവന രഹിതർ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റി സമ്പൂർണ്ണ പാർപ്പിട പദ്ധതി നടപ്പിലാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഹരിത കേരളം ശുചിത്വകേരളം പദ്ധതിയടക്കം പല കാര്യങ്ങളിലും കേരളം ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ പ്രശ്‌നങ്ങൾ ഫലപ്രദമായി പരിഹിക്കുന്ന ഭരണ സ്ഥാപനമാണ് പഞ്ചായത്ത്. മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ച് കയ്പമംഗലം പഞ്ചായത്ത് മറ്റുള്ള പഞ്ചായത്തുകൾക്ക് ഒരു മാതൃകാ പഞ്ചായത്തായി മാറണമെന്നും മന്ത്രി പറഞ്ഞു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് സ്വാഗതം പറഞ്ഞു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി, മുൻ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. അഹമ്മദ്, ഡി.ഡി.പി ജോയ് ജോൺ എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്തംഗം പി.എ സജീർ, ജില്ലാ പഞ്ചായത്തംഗം ബി.ജി വിഷ്ണു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.കെ ഗിരിജ, ബേബി ശിവദാസൻ , പഞ്ചായത്ത് സെക്രട്ടറി കെ.ബി മുഹമ്മദ് റഫീക്ക് എന്നിവർ സംസാരിച്ചു. മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളും പങ്കെടുത്തു....