തൃശൂർ: പ്രപഞ്ചത്തിന്റെ കാര്യകാരണ ബന്ധം അഭിന്നമാണ് എന്ന ശങ്കരാചാര്യരുടെ നിലപാട് തന്നെയായിരുന്നു നാരായണ ഗുരുവിനും കുമാരനാശാനും ഉണ്ടായിരുന്നതെന്നും ജാതിഭേദത്തിനെതിരെ ജാതിക്കുമ്മി എഴുതിയ പണ്ഡിറ്റ് കറുപ്പൻ ഈ ദർശനത്തിന്റെ തുടർച്ചയായിരുന്നുവെന്നും കവി ബാലചന്ദ്രൻ ചുള്ളിക്കാട് അഭിപ്രായപ്പെട്ടു. ഏകം സത് എന്നാണ് നാരായണ ഗുരു പ്രചരിപ്പിച്ചത്. ഇന്ദ്രിയ ഗോചരമായ വസ്തുവിനെ ഖണ്ഡിച്ച് പോകുമ്പോൾ അവസാനം വസ്തുവില്ലാതാകുകയും വസ്തുവിനെ കുറിച്ചുള്ള ബോധം മാത്രം അവശേഷിക്കുകയും ചെയ്യും. ഏകവും അഖണ്ഡവുമായ ഈ സത്യത്തെ കുറിച്ച് പറഞ്ഞ ഗുരുവിനെ ' ബഹുസ്വരതയുടെ പ്രവാചകൻ ' എന്ന് വിളിക്കുന്ന യു.ജി.സി പ്രൊഫസർമാരുടെ കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. അയനം സാംസ്‌കാരിക വേദി സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച പ്രരോദനത്തിന്റെ ശതാബ്ദി പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡോ. എൻ.ആർ ഗ്രാമ പ്രകാശ്, കെ. ഗിരീഷ് കുമാർ, അയനം ചെയർമാൻ വിജേഷ് എടക്കുന്നി, ടി.ജി അജിത, പി.വി ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.