തൃശൂർ: കോർപറേഷൻ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൻ്റെ അവഗണനയ്ക്കും ലാലൂരിലെ ഐ.എം വിജയൻ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം തുടങ്ങാത്തതിനും ഉത്തരവാദി തൃശൂർ കോർപറേഷനാണെന്ന് തുറന്നടിച്ച് കായികമന്ത്രി ഇ.പി ജയരാജൻ. ഇക്കാര്യങ്ങളിൽ കായിക വകുപ്പിൽ നിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നം സർക്കാരും കായികവകുപ്പും ഇതിൽ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.

തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സ്‌പോർട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്ററിൻ്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു, എൽ.ഡി.എഫ് ഭരിക്കുന്ന കോർപറേഷനെ മന്ത്രി വിമർശിച്ചത്. ലാലൂരിൽ ഐ.എം വിജയന്റെ പേരിൽ 54 കോടി രൂപ ചെലവിട്ട് നിർമ്മിക്കാൻ തീരുമാനിച്ച സ്റ്റേഡിയത്തിൻ്റെ പണി തുടരാനാകാത്ത സ്ഥിതിയാണ്. മൈതാനിയിലുള്ള പഴയ കെട്ടിടം പൊളിച്ച് മാറ്റിയാലേ പണി നടത്താനാകൂ. കെട്ടിടം പൊളിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും കോർപറേഷൻ അതിന് തയ്യാറായിട്ടില്ല. കെട്ടിടം പൊളിച്ച് നീക്കാത്തതിനാൽ പണി നടത്താനാകാത്ത സാഹചര്യം അനുവദിക്കാനാകില്ല. കോർപറേഷൻ കെട്ടിടം പൊളിച്ചുനീക്കി നൽകുന്നില്ലെങ്കിൽ വേണ്ട നടപടികളെടുക്കാൻ ജില്ലാ സ്‌പോർട്‌സ് കൗൺസിലിനോടും ജില്ലാ കളക്ടറോടും നിർദ്ദേശിച്ചിട്ടുണ്ട്.

കോർപറേഷൻ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പുല്ലുകയറി തകർന്ന നിലയിലാണുള്ളത്. സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം കായിക വകുപ്പിനല്ല കോർപറേഷനാണുള്ളത്. മൈതാനം കളിക്കളമാക്കി സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം കോർപറേഷനാണ്. അതെല്ലാം ഭരണനേതൃത്വം പരിഗണിക്കേണ്ട കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.