ചാലക്കുടി: കേന്ദ്രസർക്കാർ തകർത്തു കൊണ്ടിരിക്കുന്ന ദേശസാത്കൃത ബാങ്കുകൾക്ക് ബദലായി മാറും സംസ്ഥാനത്തെ കേരള ബാങ്ക് എന്ന് മന്ത്രി എ.സി.മൊയ്തീൻ. കാടുകുറ്റി സർവീസ് സഹകരണ ബാങ്ക്, ചെറുവാളൂരിൽ ആരംഭിച്ച പുതിയ ബ്രാഞ്ച് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരള ബാങ്കിന്റെ പ്രവർത്തനം സജീവമാകുന്നതോടെ ജില്ലാ ബാങ്കുകൾ ഇല്ലാതാകും. ഇതോടെ വായ്പ എടുക്കുന്നവർക്ക് ഒരു ശതമാനം പലിശ കുറയുകയും ചെയ്യും. കള്ളപ്പണം സൂക്ഷിക്കുന്ന ഇടമാണെന്നാണ് സഹകരണ പ്രസ്ഥാനങ്ങളെ കേന്ദ്ര സർക്കാർ കുറ്റപ്പെടുത്തിയത്. നോട്ടു നിരോധനത്തോടെ ഇവയെ തകർക്കുമെന്നും ഭീഷിണി മുഴക്കി. എന്നിട്ടെന്തായി, രണ്ടു ലക്ഷം കോടി രൂപ ആസ്തിയുള്ള പ്രസ്ഥാനമായി സഹകരണ രംഗം നിലനിൽക്കുന്നു.എ.സി. മൊയ്തീൻ പറഞ്ഞു. ബി.ഡി. ദേവസി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌മേരി തോമസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ, ജില്ലാ പഞ്ചായത്തംഗം കെ.ആർ. സുമേഷ്, ബാങ്ക് പ്രസിഡന്റ് പി.ആർ. ഭാസ്‌കരൻ, ബ്ലോക്ക് പഞ്ചായത്തംഗം എം. രാജഗോപാൽ, കൺവീനർ പി.സി. ശശി തുടങ്ങിയവർ പ്രസംഗിച്ചു.