പാലപ്പിള്ളി: ഹാരിസൺസ് മലയാളം കമ്പനിയുടെ മുപ്ലിവാലി എസ്റ്റേറ്റിലെ തൊഴിലാളികൾ കമ്പനി നടത്തി വന്നിരുന്ന റബർമരം മുറി തടഞ്ഞു. അമ്പതോളം തൊഴിലാളികൾക്ക് നൽകേണ്ട ഗ്രാറ്റുവിറ്റി രണ്ടു വർഷമായി കമ്പനി തടഞ്ഞു വച്ച പശ്ചാത്തലത്തിലായിരുന്നു മരം മുറി തടഞ്ഞത്. ഇതേ ആവശ്യമുന്നയിച്ച് ഒരു മാസം മുമ്പേ തൊഴിലാളികൾ മാനേജ്‌മെന്റ് ഉദ്യോഗസ്ഥരെ തടഞ്ഞു വച്ചിരുന്നു.
അതേ സമയം സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഗ്രാറ്റുവിറ്റി ലഭിക്കാനുള്ള തൊഴിലാളികൾ കമ്പനിയുടെ കുണ്ടായി ഓഫീസിനു മുമ്പിൽ അനിശ്ചിതകാലസത്യാഗ്രഹസമരം ആരംഭിച്ചു. എ.ഐ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജി. മോഹനൻ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ എം.കെ. പോൾസൺ അദ്ധ്യക്ഷനായിരുന്നു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. വാസുദേവൻ നായർ, ഐ.എൻ.ടി.യു.സി നേതാവ് ആന്റണി കുറ്റൂക്കാരൻ, ബി.എം.എസ് നേതാവ് ശ്യാം എന്നിവർ പ്രസംഗിച്ചു. പതിനഞ്ചിന് ജില്ലാ ലേബർ ഓഫീസർ വിളിച്ചു ചേർത്തിട്ടുള്ള അനുരഞ്ജന ചർച്ചയിൽ മാനേജ്‌മെന്റ് പ്രശ്‌നപരിഹാരത്തിന് തയ്യാറായില്ലെങ്കിൽ തോട്ടം തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് സമരം നടത്തുമെന്നും നേതാക്കൾ വ്യക്തമാക്കി. കെ.കെ. രവി, പി.ടി. ജോയ്, കുഞ്ഞാപ്പ, കെ.കെ. അഷറഫ് എന്നിവർ സത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകി.