ചേലക്കര: കൃഷി ചെയ്തു വിളവു കൊയ്യാറായപ്പോൾ കാട്ടുമൃഗങ്ങളിൽ നിന്നും വിള രക്ഷിക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ് ചേലക്കര മേഖലയിലുള്ള കർഷകർ. ഏക്കറുകണക്കിന് പാടത്തെ കൊയ്യാറായ നെൽക്കതിരുകളാണ് കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ നശിപ്പിക്കുന്നത്. മയിലുകളുടേയും കുരങ്ങുകളുടേയും വകയുള്ള ശല്യം വേറേയും.
വാഴത്തോട്ടത്തിൽ നിന്ന് ഒരു കുല പോലും കുരങ്ങുകളോ പന്നികളോ നശിപ്പിക്കാതെ കിട്ടുക പ്രയാസമാണ്. കപ്പ, ചേന, ചേമ്പ്, കൂവ മുതലായവയും കാട്ടുപന്നിയിൽ നിന്ന് രക്ഷിക്കുക പ്രയാസമായി. നാളികേരമാണെങ്കിൽ മലയണ്ണാനും തരാതായി. തെങ്ങിൻ തോട്ടത്തിൽ മലയണ്ണാൻ കൂട്ടമെത്തി വെള്ളക്കവരെ തുരന്നു നശിപ്പിക്കുന്നു. ഇങ്ങനെ കൃഷി ചെയ്തു ജീവിക്കാൻ കഴിയാതായതായി കർഷകർ പറയുന്നു. കാട്ടിലുണ്ടായിരുന്ന ജീവികൾ കൂടുതലും ഇപ്പോൾ നാടുകളിലാണ് വിഹരിക്കുന്നത്. കാട്ടുമൃഗങ്ങളെ നിയന്ത്രിക്കാൻ യാതൊരു നടപടിയും വനപാലകരോ ബന്ധപ്പെട്ട വകുപ്പു അധികൃതരോ സ്വീകരിക്കുന്നില്ലെന്നാണ് കർഷകരുടെ ആക്ഷേപം.
കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും നടപടിക്രമം പൂർത്തിയാക്കി അതു ലഭിക്കാൻ കർഷകർ ഏറെ ക്ലേശിക്കേണ്ടതുണ്ട്. അഥവാ നഷ്ടം കിട്ടിയാൽ തന്നെ വളരെ തുച്ഛവുമായിരിക്കും. ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ പലരും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നാണ് കർഷകർ പറയുന്നത്.