അന്തിക്കാട് : വേറിട്ട കൗതുകക്കാഴ്ചകളുമായി പുത്തൻപീടികയിൽ 12 ന് തുടക്കം കുറിച്ച കാർഷികോത്സവം ഇന്ന് വൈകീട്ട് സമാപിക്കും. മലയാളം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലാണ് കാർഷികോത്സവം ഋഷഭ യാഗം 2020 എന്ന പേരിൽ നടത്തുന്നത്. 100 ഓളം വിവിധ സ്റ്റാളുകളാണ് ഉള്ളത്. ചെറുപ്പക്കാരെ കൃഷിയിലേക്ക് അടുപ്പിക്കുന്നതിനും പഴയ കൃഷിരീതിയും കാർഷികോത്പന്നങ്ങളും പരിചയപ്പെടുന്നതിന്റെ ഭാഗമായിട്ടാണ് കാർഷികോത്സവം സംഘടിപ്പിച്ചത്.
ഇതിനോട് അനുബന്ധിച്ച് മണ്ണിന്റെ മണമറിയുന്ന കർഷകന്റെ മത്സരമായ കന്ന് പൂട്ട് മത്സരം നടന്നു . വിവിധ ജില്ലകളിലെ കർഷകർ കൊണ്ടുവന്ന നൂറിലേറെ ജോഡി കന്നുകൾ മത്സരത്തിൽ പങ്കെടുത്തു. കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ കാർഷികോത്സവം ഋഷഭ യാഗം 2020 ഉദ്ഘാടനം ചെയ്തു. അഡ്വ. ഏ.യു രഘുരാമൻ പണിക്കർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗീത ഗോപി എം.എൽ.എ , കിഴക്കേടത്ത് മാധവൻ നമ്പൂതിരി , പി.സി ശ്രീദേവി , ഏ.വി ശ്രീവത്സൻ , പി .എസ് രാധാകൃഷ്ണൻ , ബാബു വിജയകുമാർ , എ. നാഗേഷ് , ജോസ് വള്ളൂർ , വി.കെ മോഹനൻ , സുബിൻ കാരാമാക്കൽ , ആന്റോ തൊറയൻ , പ്രവീൺ കാട്ടുങ്ങൽ , കണ്ണൻ വേളേക്കാട്ട് എന്നിവർ പ്രസംഗിച്ചു.
നൂറോളം സ്റ്റാളുകളിലായി വിവിധ തരം കാർഷിക സ്റ്റാളുകൾ, അലങ്കാര മത്സ്യ പക്ഷി മൃഗാദികളുടെ പ്രദർശനവും നടക്കുന്നുണ്ട്. ഉദ്ഘാടകനായ മന്ത്രി കന്നുപൂട്ട് മത്സര ട്രാക്കിലിറങ്ങിയത് ഏറെ കൗതുകമുണർത്തി . 14ന് പ്രദർശനം സമാപിക്കും. താന്ന്യം അന്തിക്കാട് പഞ്ചായത്തുകളിലെ കർഷകരായ കെ.കെ സച്ചിദാനന്ദൻ , മഞ്ജുനാഥ് , അഡ്വ. സലിൽ കൊട്ടേക്കാട്ട് , ഭൂവന ദാസ് എ.ജി, സി.കെ മുഹമ്മദ്, കെ.കെ സുരേഷ് , നിസ്സാർ പുതിയ വീട്ടിൽ , രവി വട്ടുകുളം , ജയ തിലകൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു..