തൃശൂർ: ജില്ലാ ഹോമിയോ ആശുപത്രിയിലെ ലാബ് പ്രവർത്തന സജ്ജം. ഹോമിയോ ഡിസ്‌പെൻസറികളിലും മറ്റും നിർദ്ദേശിക്കുന്ന ലാബ് ടെസ്റ്റുകൾ ഇനി മുതൽ പൂത്തോളിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ നടത്താൻ എൻ.എച്ച്.എം ഡോക്ടർമാരുടെ പ്രതിമാസ അവലോകന യോഗത്തിൽ തീരുമാനം. ഹോമിയോപ്പതി രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് നടപ്പാക്കുന്നതിൽ വരുന്ന അപാകതകൾ പരിഹരിക്കാനും തീരുമാനമായി. മരുന്ന് വിതരണ കമ്പനി ഹോംകോയുടെ വിതരണത്തിൽ വന്നിട്ടുള്ള കാലതാമസത്തെക്കുറിച്ച് പഠിക്കും. ലഹരി വിമുക്തിയുമായി ബന്ധപ്പെട്ട് ഡോ. അമ്പിളി ക്ലാസെടുത്തു. ഡി.എം.ഒ ഡോ. സുലേഖ, സൂപ്രണ്ട് ലീന ജോർജ്ജ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.