കൊടുങ്ങല്ലൂർ: നഗരസഭാ കൗൺസിലർമാരും പൊതുപ്രവർത്തകരും ചേർന്ന് ദേശീയപാതാ എക്സിക്യൂട്ടിവ് എൻജിനിയറെ ഉപരോധിച്ചു. ബൈപാസിലെ സർവീസ് റോഡിന് സമീപമുള്ള കാനയിലെ മണ്ണ് നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധ സമരം നടന്നത്. പ്രതിഷേധം ഒരു മണിക്കൂറിലേറെ നേരം നീണ്ടു. ഇന്നലെ ഒരു മണിയോടെയായിരുന്നു സമരം.
റോഡിനോട് ചേർന്നുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന്റെ താഴത്തെ നിലയിൽ മഴക്കാലം മുതൽ കെട്ടിനിൽക്കുകയായിരുന്ന വെള്ളം കാനയിലൂടെ ഒഴുക്കിയതിനെ തുടർന്ന് റോഡ് നിറയെ വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നു. തുടർന്നുണ്ടായ ആക്ഷേപമാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിനും ഉപരോധ സമരത്തിനും കാരണമായത്.
കാന മണ്ണ് മൂടിയ നിലയിലായതാണ് മലിനജലം റോഡിലേക്ക് ഒഴുകാൻ ഇടയായതെന്നിരിക്കെ ഇതൊന്നും തങ്ങളുടെ വിഷയമേ അല്ലെന്ന അധികൃതരുടെ നിലപാടാണ് പ്രതിഷേധത്തിനിടയാക്കിയത്. നഗരസഭാ കൗൺസിലർമാരായ എം.കെ. സഗീർ, കെ.എം. രതീഷ്, ടി.പി. പ്രഭേഷ്, കവിതാ മധു, വിവിധ കക്ഷി നേതാക്കളായ കെ.പി. സുനിൽകുമാറും റൂവിൻ വിശ്വം, ഇ.എസ്. സാബു, ഡിൽഷൻ കൊട്ടെക്കാട്, കെ.ആർ. കിരൺ, വി.പി. പ്രസൂൺ, സനൽ സത്യൻ, എൻ. പ്രകാശൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
നഗരസഭ, പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും ധാരണയിലെത്താനായില്ല. ഇതാണ് ഉപരോധ സമരത്തിലേക്കെത്തിച്ചത്. കടുത്ത പ്രതിഷേധങ്ങൾക്കും, വാഗ്വാദങ്ങൾക്കുമിടെ അഡ്വ. വി.ആർ. സുനിൽ കുമാർ എം.എൽ.എ ഇടപെട്ടാണ് സമരം അവസാനിപ്പിച്ചത്. അടുത്ത മൂന്നു മാസത്തിനുള്ളിൽ കാനയിലെ മണ്ണ് നീക്കം ചെയ്യാമെന്ന് രേഖാമൂലം ഉറപ്പ് നൽകാൻ ഇ.ഇ പ്രേംജിത്ത് ലാൽ തയ്യാറായതോടെ ഉപരോധസമരം അവസാനിപ്പിക്കുകയായിരുന്നു. ഇതേസമയം കാനയിലേക്ക് മലിനജലം തുറന്ന് വിട്ട സ്ഥാപനത്തിന് നഗരസഭാധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്.