തൃശൂർ: കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന സ്‌കൂൾ, പ്ലസ് വൺ, കോളേജ് ഹോസ്റ്റലുകളിലേക്കും ഓപ്പറേഷൻ ഒളിമ്പ്യ സ്‌കീമിലേക്കും 2020-21 അദ്ധ്യയന വർഷത്തേക്കുള്ള കായിക താരങ്ങളുടെ തിരഞ്ഞെടുപ്പ് വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജനുവരി 15ന് അത്‌ലറ്റിക്‌സ്, ഫുട്‌ബാൾ, വോളിബാൾ എന്നീ കായിക ഇനങ്ങളിൽ മാത്രമാണ് ജില്ലാ തലത്തിൽ തിരഞ്ഞെടുപ്പ്.

ആൺ/പെൺകുട്ടികളിൽ മികച്ച കായിക താരങ്ങളെ മാത്രം സോണൽ സെലക്‌ഷനിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കുന്നത്. കായിക താരങ്ങൾക്ക് സ്‌കൂൾതലത്തിൽ 7, 8, പ്ലസ് വൺ ക്ലാസുകളിലേക്കും കോളേജിൽ ഒന്നാം വർഷ ഡിഗ്രി ക്ലാസ്സുകളിലേക്കുമാണ് ഇപ്പോൾ 6, 7, 10, പ്ളസ്ടു ക്ളാസുകളിൽ പഠിക്കുന്നവരിൽ നിന്ന് തിരഞ്ഞെടുപ്പ് നടത്തുന്നത്. 7, 8 ക്ലാസ്സുകളിലേക്ക് സെലക്‌ഷനിൽ പങ്കെടുക്കുന്നവർക്ക് 14 വയസ്സ് തികയാൻ പാടില്ല. ദേശീയ മത്സരങ്ങളിൽ മെഡൽ നേടിയവരെ 9-ാം ക്ലാസ്സിലേക്കും രണ്ടാം വർഷ ഡിഗ്രി ക്ലാസ്സുകളിലേക്കും പരിഗണിക്കും. ഇവരുടെ ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവർക്കുള്ള ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് നടത്തും.

പ്ലസ് വൺ ഹോസ്റ്റൽ സെലക്‌ഷനിൽ പങ്കെടുക്കുന്നവർ വ്യക്തിഗതയിനത്തിൽ സംസ്ഥാന മത്സരങ്ങളിൽ അഞ്ചാം സ്ഥാനവും ടീമിനത്തിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തവരുമായിരിക്കണം. കോളേജ് ഹോസ്റ്റൽ സെലക്‌ഷനിൽ പങ്കെടുക്കുന്നവർ സംസ്ഥാനതലത്തിൽ മെഡൽ നേടിയവരായിരിക്കണം. പ്ലസ് വൺ അഡ്മിഷന് കഴിഞ്ഞ രണ്ടു വർഷങ്ങളിലെ പ്രകടനം മാത്രമേ പരിഗണിക്കുകയുള്ളൂ. പങ്കെടുക്കുന്നവരുടെ ജനന സർട്ടിഫിക്കറ്റ്, ഏത് ക്ലാസ്സിൽ പഠിക്കുന്നുവെന്നതിന് ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പൽ നൽകിയ സർട്ടിഫിക്കറ്റ്, കായിക മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, 2 പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം.

വോളിബാൾ സെലക്‌ഷനിൽ പങ്കെടുക്കുന്ന ആൺകുട്ടികൾക്ക് മിനിമം പൊക്കം 170 സെന്റീ മീറ്ററും പെൺകുട്ടികൾക്ക് മിനിമം പൊക്കം 163 സെന്റീ മീറ്ററുമാണ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ 15ന് കാലത്ത് എട്ടിന് വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ഹാജരാകണമെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ അറിയിച്ചു.