എരുമപ്പെട്ടി: ഭൂമി കച്ചവട സംഘത്തിനെ സഹായിക്കാൻ കടങ്ങോട് പഞ്ചായത്ത് ഭരണ സമിതി ഫാം റോഡുകൾ നിർമിച്ച് നൽകുന്നതായി പരാതി. ഭരണ സമിതിയിലുള്ള സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കടങ്ങോട് പഞ്ചായത്തിലെ 15-ാം വാർഡ് പുതിയ മാത്തൂർ പെട്രോൾ പമ്പിനോട് ചേർന്ന് ഉറുമാൽ റോഡ് എന്ന പേരിൽ അഞ്ച് ലക്ഷം രൂപ വകയിരുത്തി കോൺക്രീറ്റ് റോഡ് നിർമ്മിച്ചിരുന്നു. ഇത് ഭൂമി കച്ചവട സംഘത്തെ സഹായിക്കാനാണെന്ന് ആരോപണം ഉയർന്നിരുന്നു. മാസങ്ങൾ പിന്നിടുമ്പോഴേക്കും അവിടെ പ്ലോട്ടുകൾ വില്പനയ്ക്ക് എന്ന ബോർഡ് പ്രത്യക്ഷപെട്ടു. ഇപ്പോൾ ഇതാ രണ്ടാം ഘട്ടം തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ഫാം റോഡ് എന്ന പേരിൽ നാല് ലക്ഷം രൂപയുടെ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. റോഡിന്റെ ഒരുവശം കരഭൂമിയുണ്ടെന്ന് ചൂണ്ടി കാണിച്ച് എതിർവശത്തെ പാടശേഖം തൂർത്ത കൊണ്ടിരിക്കുകയാണ്. പെട്രോൾ പമ്പിന് പുറകിൽ നെൽവയൽ നികത്തി കെട്ടിടം നിർമ്മിക്കുന്നുണ്ട്. നെൽപാടങ്ങൾ നികത്തി കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുമതി നൽകുന്ന പഞ്ചായത്ത് ഭരണസമിതി ഭൂമി കച്ചവട സംഘങ്ങൾക്ക് വേണ്ടി റോഡുകൾ നിർമ്മിച്ച് നൽകുകയാണെന്നും എ.ഐ.വൈ.എഫ് ആരോപിച്ചു.
വികസനത്തിന്റെ മറപറ്റി കൃഷിയിടങ്ങൾ ഇല്ലാതാക്കുന്ന പ്രവൃത്തികൾ നോക്കി നിൽക്കില്ലെന്നും പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എം.പി. റഫീക്ക് തങ്ങൾ, പ്രസിഡന്റ് എ.എച്ച്. ഹസ്സൻകുട്ടി എന്നിവർ പറഞ്ഞു.
................................
ആരോപണം അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ്
ആരോപണം അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ അറിയിച്ചു. പാടശേഖരത്തിലേക്ക് കൃഷി ആവശ്യങ്ങൾക്കും നെല്ല് കൊണ്ട് പോകുന്നതിനും വേണ്ടി കർഷകരുടെ നിരന്തരമായ ആവശ്യപ്രകാരം നിലവിലുണ്ടായിരുന്ന റോഡ് കോൺക്രീറ്റ് ചെയ്ത് നൽകുകയാണുണ്ടായത്. പഞ്ചായത്തിലെ മുഴുവൻ ഇടവഴികളും കോൺക്രീറ്റ് ചെയ്ത് സഞ്ചാര യോഗ്യമാക്കിയിട്ടുണ്ട്. ഭരണസമിതിയിൽപ്പെട്ട സി.പി.ഐ മെമ്പർ ഒരു യോഗത്തിൽ പോലും എതിരഭിപ്രായം പറഞ്ഞിട്ടില്ല. ആരോപണം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്നും പ്രശംസനീയമായ വികസന പ്രവർത്തനങ്ങളാണ് പഞ്ചായത്ത് നടത്തുന്നതെന്നും രമണി രാജൻ അറിയിച്ചു.