അദ്ധ്യയന മാദ്ധ്യമം വിദേശഭാഷയാകരുതെന്ന് ഡോ. ലീലാവതി
തൃശൂർ: മലയാളത്തിന്റെ പദസമ്പത്ത് വർദ്ധിപ്പിച്ചും തനിമ നിലനിറുത്തിയുമാവണം ഔദ്യോഗിക ഭാഷയായി മാറ്റേണ്ടതെന്ന് എഴുത്തുകാരും സാംസ്‌കാരികനായകരും നിയമസഭാസമിതിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിർദ്ദേശിച്ചു.
ഇന്ത്യയെ കൂട്ടിയിണക്കുന്ന ഭാഷയെന്ന നിലയിൽ ഇംഗ്ലീഷ് നിലനിൽക്കുമ്പോൾ തന്നെ അദ്ധ്യയന മാദ്ധ്യമം വിദേശഭാഷയാകരുതെന്ന് ഡോ. എം. ലീലാവതി പറഞ്ഞു. പദങ്ങൾ വികസിക്കേണ്ടത് ഭാഷയുടെ നിലനിൽപ്പിന് അത്യാവശ്യമാണ്. ഇംഗ്ലീഷ് സാങ്കേതിക പദങ്ങൾ കൂടി സ്വാംശീകരിക്കുന്ന മലയാളം ഉണ്ടാവുന്നതിൽ പരിഭ്രമിക്കേണ്ടതില്ല. അതിലൂടെ മലയാളം സമ്പന്നമാവുകയാണ് ചെയ്യുകയെന്നും എം ലീലാവതി അഭിപ്രായപ്പെട്ടു.
മലയാളം ഭരണഭാഷയാകുമ്പോൾ ആവശ്യാധിഷ്ഠിത പദങ്ങളേ ഉണ്ടാവൂയെന്ന് സാറ ജോസഫ് അഭിപ്രായപ്പെട്ടു. ആശുപത്രികളിൽ രോഗികളോടും കോടതികളിൽ കക്ഷികളോടും അന്യഭാഷ ഉപയോഗിക്കുന്നത് ജനാധിപത്യപരമായ ആശയവിനിമയം തടസ്സപ്പെടുത്തുന്നു. ഇന്ത്യയുടെ ഫെഡറൽ സംവിധാനം തകർക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ സ്വന്തം ഭാഷയെ ഉയർത്തിപ്പിടിക്കേണ്ട രാഷ്ട്രീയ ആവശ്യം പ്രാദേശിക ഭാഷാ സമൂഹങ്ങൾക്കുണ്ട്. നന്നായി ഉച്ചരിക്കാൻ ശിക്ഷണം നൽകാത്ത വിദ്യാലയങ്ങൾ ഭാഷയെ അപമാനിക്കുകയാണ് ചെയ്യുന്നത്. ഇതരഭാഷകളിലെ സാങ്കേതിക പദങ്ങളെ ഉൾക്കൊള്ളാൻ മലയാളത്തിന് കഴിയുമെന്നും സാറ ജോസഫ് പറഞ്ഞു.
മലയാളത്തെ ഔദ്യോഗിക ഭാഷയാക്കുന്നതിനുള്ള ഇച്ഛാശക്തി ഉണ്ടാകണമെന്ന് മാടമ്പ് കുഞ്ഞിക്കുട്ടൻ പറഞ്ഞു. കോടതികളിൽ മലയാള ഭാഷ ഉപയോഗിക്കുന്നത് അസാധ്യമാണെന്ന പ്രതീതി ബോധപൂർവ്വം സൃഷ്ടിച്ചിരിക്കുകയാണെന്ന് ആഷാ മേനോൻ അഭിപ്രായപ്പെട്ടു.
മലയാള ഭാഷയുടെ ഓഡിറ്റ് നടത്തണമെന്ന് പി.എൻ. ഗോപീകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതിന്റെ പുരോഗതി വിലയിരുത്താനും തടസ്സങ്ങൾ പരിഹരിക്കുന്നതിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ 22 എഴുത്തുകാരാണ് നിർദ്ദേശങ്ങൾ സമർപ്പിച്ചത്. കഴിഞ്ഞ ഒക്‌ടോബർ 23 ന് തിരുവനന്തപുരത്ത് സഭാസമിതി നടത്തിയ ആദ്യ സിറ്റിംഗിന്റെ തുടർച്ചയായാണ് പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയത്.
ബാലചന്ദ്രൻ വടക്കേടത്ത്, കലവൂർ രവികുമാർ, സാവിത്രി ലക്ഷ്മൺ, സംഗീത ശ്രീനിവാസൻ, കെ.വി. അഷ്ടമൂർത്തി, കെ.വി. രാമകൃഷ്ണൻ, വി.പി. വാസുദേവൻ, ജോർജ്ജ് ഇമ്മട്ടി, സന്ധ്യ, കൽപ്പറ്റ ബാലകൃഷ്ണൻ, ഡോ. ഷൊർണൂർ കാർത്തികേയൻ, വി.ബി. ജ്യോതിരാജ്, റോഷ്‌നി സ്വപ്ന, എം.ഡി. രത്‌നമ്മ, സെബാസ്റ്റ്യൻ എന്നിവരും പങ്കെടുത്തു.
ഇ.എസ്. ബിജിമോൾ എം.എൽ.എ അദ്ധ്യക്ഷയായ നിയമസഭാ സമിതിയുടെ സിറ്റിംഗിൽ എം.എൽ.എമാരായ കെ.സി. ജോസഫ്, ടി.വി. ഇബ്രാഹിം, യു.ആർ. പ്രദീപ് എന്നിവർ പങ്കെടുത്തു. എഴുത്തുകാരുടെ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് റിപ്പോർട്ട് തയ്യാറാക്കി സ്പീക്കർക്ക് സമർപ്പിക്കുമെന്ന് ഇ.എസ്. ബിജിമോൾ അറിയിച്ചു.