ചാലക്കുടി: അനിശ്ചിതമായി നീളുന്ന കോടതി ജംഗ്ഷനിലെ അടിപ്പാത പ്രശ്‌നം ചർച്ച ചെയ്യുന്നതിന് നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ ബുധനാഴ്ച സർവ്വകക്ഷി യോഗം വിളിച്ചുകൂട്ടി. രാവിലെ 11ന് ജൂബിലി ഹാളിൽ നടക്കുന്ന യോഗത്തിൽ ദേശീയ പാത അധികൃതരുടെ അലംഭാവത്തിനെതിരെ പ്രക്ഷോഭം അരംഭിക്കുന്ന തീരുമാനമായിരിക്കും കൈക്കൊള്ളുക. ബി.ഡി. ദേവസി എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റുമാരായ കുമാരി ബാലൻ, പി.പി. ബാബു, തോമസ് കണ്ണത്ത്, ജെനീഷ് പി.ജോസ്, ഉഷ ശശിധരൻ, തങ്കമ്മ വർഗ്ഗീസ് എന്നിവർ പങ്കെടുക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹികസാംസ്‌കാരിക സംഘടകൾ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരും യോഗത്തിനെത്തും. ബെന്നി ബെഹന്നാൻ എം.പി ഡൽഹിയിലായതിനാൽ യോഗത്തിൽ എത്താൻ സാധ്യതയില്ല.

കഴിഞ്ഞ സെപ്തംബറിൽ ബെന്നി ബെഹന്നാൻ മുൻകൈയെടുത്ത് ജനപ്രതിനിധി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു. എൻ.എച്ച്.ഐ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ശേഷം ഒക്ടോബർ 20നകം മുടങ്ങിക്കിടക്കുന്ന അടിപ്പാത നിർമ്മാണം പുനഃരാരംഭിക്കുമെന്ന് ബെന്നി ബെഹന്നാൻ അറിയിച്ചിരുന്നു. എന്നാൽ മൂന്നുമാസം പിന്നിടുമ്പോഴും ദേശീയ പാത അധികൃതരുടെ ഭാഗത്തു നിന്നും ഇതുസംബന്ധിച്ച് ഒരു നീക്കവും ഉണ്ടായില്ല. ഇതേ തുടർന്നാണ് അടിയന്തരമായി നഗരസഭ അദ്ധ്യക്ഷ ഇത്തരത്തിൽ ഒരു യോഗം വിളിച്ചുകൂട്ടിയത്.