ഗുരുവായൂർ: ബസ് യാത്രാ നിരക്ക് വർദ്ധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകാൻ തൃശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ ഗുരുവായൂർ മേഖലാ കൺവെൻഷൻ തീരുമാനിച്ചു. കഴിഞ്ഞ ചാർജ് വർദ്ധനവ് സമയത്ത് ഉണ്ടായിരുന്ന ഡീസൽ വിലയേക്കാൾ ലിറ്ററിന് പത്ത് രൂപയിലധികം വർദ്ധനവുണ്ടായി. ഗതാഗതക്കുരുക്ക് മൂലം ഡീസിലിന്റെ ഉപയോഗത്തിലെ വർദ്ധനവും വിവിധ ഫീസുകളുടെ വർദ്ധനവും ബസുടമകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. ഈ അവസ്ഥയിലാണ് കഴിഞ്ഞ നവംബർ 20ന് സംസ്ഥാന വ്യാപകമായി സൂചന സമരം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ സർക്കാർ ഇടപെടലിനെ തുടർന്ന് സമരം മാറ്റിവയ്ക്കുകയായിരുന്നു. രാജ്യത്ത് ഒരിടത്തും നടപ്പിലാക്കിയിട്ടില്ലാത്ത ജി.പി.എസ് സംവിധാനം കേരളത്തിൽ നടപ്പിലാക്കുന്നതിനെതിരെയും യോഗം പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ആന്റോ ഫ്രാൻസിസ് അദ്ധ്യക്ഷനായി. കെ.കെ. സേതുമാധവൻ, ടി.കെ. നിർമലാനന്ദൻ, എം.കെ. ഗോപിനാഥൻ, പി.ആർ. വിശ്വനാഥൻ, ടി.എസ്. ഷാജു തുടങ്ങിയവർ സംസാരിച്ചു.