കൊടുങ്ങല്ലൂർ: മുസിരിസിന്റെ ചരിത്ര കഥകളും വഴികളും തേടിയുള്ള പൈതൃക നടത്തത്തിൽ വിദ്യാർത്ഥികൾക്കൊപ്പം സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക്കും ചേർന്നപ്പോൾ നടത്തം കൂടുതൽ അറിവുള്ളതായി. മുസിരിസ് പൈതൃക പദ്ധതിയാണ് കോട്ടപ്പുറം കോട്ടയിലൂടെ 'പൈതൃക നടത്തം' സംഘടിപ്പിച്ചത്. ഇതിൽ പങ്കുചേർന്ന വിദ്യാർത്ഥികളും മന്ത്രിയുമായി രസകരമായ സംവാദവും നടന്നു. സംവാദത്തിനൊടുവിൽ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ വിദ്യാർത്ഥികൾക്ക് 'മറന്നാലും മായില്ല കനാലുകൾ' എന്ന പുസ്തകം സമ്മാനമായി നൽകി. കോട്ട നിർമ്മിച്ചത് പോർച്ചുഗീസുകാരാണോയെന്ന തോമസ് ഐസക്കിന്റെ ചോദ്യത്തിന് ആവേശത്തോടെ മറുപടി നൽകിയ കുട്ടികൾ കോട്ട പൊളിച്ചത് ടിപ്പു സുൽത്താനാണെന്നാണ് മറുപടി നൽകിയത്. എന്നാൽ സുൽത്താന് മുമ്പ് ഡച്ചുകാരാണെന്ന് മന്ത്രി വിശദീകരിച്ചപ്പോൾ ആ ചരിത്രം ആദ്യമായി കേട്ട അമ്പരപ്പിൽ കുട്ടികൾ ഇരുന്നു. ചേരമാൻ പള്ളി, പാലിയം കൊട്ടാരം, ജൂത സിനഗോഗുകൾ, പട്ടണം എന്നീ സ്മാരകങ്ങളെക്കുറിച്ചും നാട്ടിൽ നടന്ന ഭൂസമരം, അയിത്തോച്ചാടനം തുടങ്ങിയ സാമൂഹിക പരിഷ്‌കരണങ്ങൾ, സ്വാതന്ത്ര്യസമര സേനാനികൾ, എഴുത്തുകാർ എന്നിവയെക്കുറിച്ചുള്ള അറിവ് മന്ത്രിയും, ചരിത്രകാരനും തീരദേശ പൈതൃക പദ്ധതി ഡയറക്ടറുമായ പ്രൊഫ. കേശവൻ വെളുത്താട്ടും ചേർന്ന് വിദ്യാർത്ഥികൾക്ക് പകർന്ന് നൽകി.

അനൗപചാരിക ചരിത്ര പഠനോപാധി എന്ന നിലയിൽ സംഘടിപ്പിച്ച പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനമാണ് കോട്ടപ്പുറം കോട്ടയിൽ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിർവഹിച്ചത്. കോട്ടപ്പുറം കോട്ടയിൽ നിന്നാരംഭിക്കുന്ന നടത്തം പുരാതന തുറമുഖ പട്ടണമായ മുസിരിസിലെ എല്ലാ ചരിത്രസ്മാരകങ്ങളെയും സന്ദർശിച്ച് മനസ്സിലാക്കാൻ ഉതകുന്ന രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ വർഷം ഒരു ലക്ഷം വിദ്യാർത്ഥികളെ പരിപാടിയിൽ പങ്കെടുപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജ്യൂത സിനഗോഗ്, കോട്ടപ്പുറം കോട്ട, പാലിയം കോട്ട, പാലിയം നാലുകെട്ട് ഉൾപ്പെടെയുള്ള മുസിരിസ് പട്ടണത്തിലൂടെയുള്ള യാത്രയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഒപ്പം വിവിധ ഭാഷകളിലുള്ള പ്രവർത്തന പുസ്തകങ്ങളും കളികളും എല്ലാം ഹെറിറ്റേജ് വോക്കിന്റെ ഭാഗമായി നടപ്പാക്കും. എം.എൽ.എമാരായ അഡ്വ. വി.ആർ. സുനിൽകുമാർ, ഇ.ടി. ടൈസൺ മാസ്റ്റർ, കെ.സി.എച്ച്.ആർ ചെയർമാൻ പ്രൊഫ. മൈക്കിൾ തരകൻ, പ്രൊഫ. ഡോ. കേശവൻ വെളുത്താട്ട്, ബെന്നി കുര്യാക്കോസ്, റൂബിൻ ഡിക്രൂസ്, മുസിരിസ് പ്രൊജക്ട് എം.ഡി, പി.എം. നൗഷാദ് എന്നിവർക്ക് പുറമെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും തുടങ്ങീ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ പങ്കാളികളായി.