മറ്റത്തൂർ: രണ്ട് വർഷം മുമ്പ് സുപ്രീംകോടതിവിധിയിലൂടെ കോടാലിയിൽ നേടിയെടുത്ത 80 സെന്റ് സ്ഥലത്തെ വികസനം വൈകുന്നു. കോടതിവിധി വന്ന് ഒരാഴ്ചക്കുള്ളിൽ നിർമാണത്തിന് തുടക്കം കുറിച്ചിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ ആരംഭിച്ച ബൈപാസ് നിർമാണം പാതിവഴിയിൽ നിലച്ചു. കംഫർട്ട് സ്‌റ്റേഷൻ, ഷോപ്പിംഗ് കോംപ്ലക്‌സ് തുടങ്ങിയ വാഗ്ദാനങ്ങളും നടപ്പായില്ല.

നീണ്ട പോരാട്ടത്തിനൊടുവിലാണ് പഞ്ചായത്ത് അധികൃതർ അനുകൂലവിധി നേടിയത്. 2008ൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ടാക്‌സി സ്റ്റാൻഡ് നിർമാണം തുടങ്ങിയിരുന്നു. ഇതിനെതിരെ ചിലർ കോടതിയിലെത്തിയതോടെ നിർമാണം തടസപ്പെട്ടു. പിന്നീട് പഞ്ചായത്തിന് അനുകൂലമായി ഹൈക്കോടതി വിധി വന്നു. സുപ്രീം കോടതിയിൽ വീണ്ടും പരാതിക്കാർ പോയെങ്കിലും ഹൈക്കോടതിവിധി ശരിവയ്ക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ പത്ത് ലക്ഷം രൂപയുടെ നിർമാണം നടത്തിയിരുന്നു. പിന്നീട് എം.എൽ.എ, എം.പി, പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച് വികസന പദ്ധതികൾ പൂർത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്.

വികസനം അനിവാര്യം
മറ്റത്തൂർ ടൗണിലെ ഗതാഗതക്കുരുക്കും വാഹന പാർക്കിംഗും സംബന്ധിച്ച് വ്യാപാരികൾക്കും വഴിയാത്രക്കാർക്കും നിരന്തരം പരാതിയുണ്ട്. സാംസ്‌കാരിക പരിപാടികൾ, ജാഥകൾ, ആഘോഷങ്ങൾ എന്നിവ നടക്കുമ്പോൾ അങ്ങാടിയിലൂടെയുള്ള സഞ്ചാരം ദുഷ്‌കരമാകും. ഇതിന് പരിഹാരമായാണ് കോടാലി ബൈപാസും ടാക്‌സി സ്റ്റാൻഡും വിഭാവനം ചെയ്തത്.

തിരക്കേറിയ റോഡരികിലാണ് ടാക്‌സി പേട്ടകൾ. കോടാലി ടൗണിൽ വാഹനങ്ങളുമായി എത്തുന്നവർക്ക് പാർക്കിംഗിനും ഇടമില്ല. പാർക്കിംഗിനെ ചൊല്ലി കടയുടമകളും വാഹന ഉടമകളും ഡ്രൈവർമാരും തമ്മിൽ തർക്കവും പതിവാണ്. പ്രാഥമിക ആവശ്യങ്ങൾക്ക് സൗകര്യമില്ലാത്തതും വലയ്ക്കുന്നുണ്ട്.

ബി.ജെ.പി അംഗങ്ങൾ പഞ്ചായത്ത് യോഗം ബഹിഷ്‌കരിച്ചു
കോടാലി അങ്ങാടിക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട ടാക്‌സി സ്റ്റാൻഡും ബൈപാസും നിർമ്മിക്കുന്നതിൽ മറ്റത്തൂർ പഞ്ചായത്ത് ഭരണ സമിതി കുറ്റകരമായ അനാസ്ഥയിലാണെന്ന് ആരോപിച്ച് ബി.ജെ.പി അംഗങ്ങൾ പഞ്ചായത്ത് യോഗം ബഹിഷ്‌കരിച്ചു. പഞ്ചായത്ത് ഭരണനേതൃത്വത്തിന്റെ അനാസ്ഥയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം. തുടർന്ന് പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ ശ്രീധരൻ കളരിക്കൽ, സി.വി. ഗിനീഷ്, സന്ധ്യ സജീവൻ, ബി.ജെ.പി നേതാക്കളായ പി.ബി. ബിനോയ്, സത്യൻ ഏരിമ്മൽ, കെ. നന്ദകുമാർ, മനു പനംകൂട്ടത്തിൽ, അഡ്വ. പി.ജി. ജയൻ, പ്രശാന്ത് പാട്ടത്തിൽ എന്നിവർ സംസാരിച്ചു.

വികസനമുരടിപ്പ്

പ്ലാൻ ഡിസൈൻ ചെയ്ത് ലഭിച്ചില്ലെന്നതാണ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും ടാക്‌സി സ്റ്റാൻഡിന്റെയും നിർമാണം വൈകുന്നതിന് കാരണമായി പറയുന്നത്. കിലോമീറ്ററുകൾ നീളമുള്ള വെള്ളിക്കുളങ്ങര വലിയതോടിന്റ സംരക്ഷണം രണ്ടരമാസത്തിനകം തീരില്ല. കാലാവധിക്കുള്ളിൽ വികസനം പൂർത്തീകരിക്കാനാകാത്തത് വികസന മുരടിപ്പ് തന്നെയാണ്.

- ശ്രീധരൻ കളരിക്കൽ, പഞ്ചായത്ത് അംഗം

നിയമപോരാട്ടം തടസം

ടാക്‌സി സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ രണ്ടാംഘട്ടമായി ടോയ്‌ലറ്റ് സമുച്ചയത്തിന്റെ നിർമാണം ഫെബ്രുവരിയിൽ ആരംഭിക്കും. ഷോപ്പിംഗ് കോംപ്ലക്‌സും ടാക്‌സി സ്റ്റാൻഡും നിർമിക്കുന്നത് തനത് ഫണ്ട് ഉപയോഗപ്പെടുത്തിയാണ്. ആദ്യഘട്ടത്തിൽ തുടങ്ങിയ ചുറ്റുമതിൽ നിർമ്മാണം അന്തിമഘട്ടത്തിലാണ്. നിയമതടസങ്ങൾ കൊണ്ടാണ് ഒറ്റത്തവണയായി വികസനം സാദ്ധ്യമാകാതെ വന്നത്.

- പി.എസ്. പ്രശാന്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ