കൊടുങ്ങല്ലൂർ: മകരസംക്രാന്തിയിലെ സമ്പൂർണ്ണ നെയ് വിളക്കിന്റെ ശോഭയിൽ തിളങ്ങിയ ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിൽ വെടിക്കെട്ടിന്റെയും പഞ്ചാരിമേളത്തിന്റെയും ശ്രാവ്യ വിരുന്നൊരുക്കി, താലപ്പൊലി മഹോത്സവം ആരംഭിച്ചു. ഇന്നലെ വൈകീട്ട് ആറോടെയാണ് താലപ്പൊലി മഹോത്സവത്തിന് തുടക്കം കുറിച്ചുള്ള 1001 കതിനാവെടികൾ മുഴങ്ങിയത്. അനുബന്ധമായി വടക്കെ നടപ്പന്തലിൽ മകരസംക്രാന്തി പഞ്ചാരിമേളവും നടന്നു. മണിക്കൂറുകൾ നീണ്ടു നിന്ന പഞ്ചാരിമേളത്തിൽ 101 മേളകലാകാരൻമാർ പങ്കുകൊണ്ടു. വെടിക്കെട്ട് ആരംഭിക്കുന്നതിന് മുമ്പായി കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ രാമവർമ്മ രാജ ഭദ്രദീപം കൊളുത്തി "മകരസംക്രാന്തി പഞ്ചാരിമേളം " ഉദ്ഘാടനം ചെയ്തു.
വൈകീട്ട് നാലിന് നവരാത്രി മണ്ഡപത്തിൽ കൊടുങ്ങല്ലൂർ സാഹിത്യ സദസ്സിന്റെ ദേവീസ്തുതികളുടെ ആലാപനവും കാവിൽ തെക്കേമൈതാനിയിൽ ആനക്കല്ല് ആവണി തിരുവാതിരക്കളി സംഘത്തിന്റെ നേതൃത്വത്തിൽ തിരുവാതിരക്കളിയും വൈകീട്ട് ആറിന് ചേന്ദ്മംഗലം മയൂര സ്കൂൾ ഒഫ് ഡാൻസ് സംഘത്തിന്റെ നൃത്തനൃത്ത്യങ്ങളും ഏഴിന് കൊരട്ടി നാടൻ നാട്ടറിവ് കലാസമിതിയുടെ ഉണർത്തും നടന്നു.
ഒന്നാം താലപ്പൊലി ദിനമായ ഇന്നാണ് പകൽ, രാത്രി എഴുന്നെള്ളിപ്പുകൾ ആരംഭിക്കുക. ക്ഷേത്രത്തിന് തെക്ക് മാറിയുള്ള കുരുംബാമ്മയുടെ നടയിൽ നിന്ന് ഉച്ചയ്ക്ക് 1നാണ് ആനയെഴുന്നെള്ളിപ്പ് ആരംഭിക്കുക. അനുബന്ധമായുള്ള പഞ്ചാവാദ്യത്തിന് അന്നമനട മുരളീധരൻ മാരാരും ചെണ്ടമേളത്തിന് പെരുവനം സതീശൻ മാരാരും നേതൃത്വം നൽകും. രാത്രി എഴുന്നെള്ളിപ്പ് പുലർച്ചെ 1.30നാണ് നടക്കുക. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം വെടിക്കെട്ട്, സുന്ദരോദയ കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, കലാചാര നൃത്ത വിദ്യാലയത്തിന്റെ ഭക്തിഗാനസുധ തുടങ്ങിയവയും നടക്കും.