തൃശൂർ: അധികൃതരുടെ പിടിപ്പുകേടിൽ താന്ന്യം പഞ്ചായത്തിലെ ഏക സ്വാഭാവിക ശുദ്ധജല സംഭരണിയായ ശ്രീരാമൻ ചിറ വറ്റി വരളുന്നു. ചിറകെട്ടി സംഭരിച്ച ശുദ്ധജലം ഒഴുക്കിക്കളഞ്ഞും വീണ്ടും കെട്ടിയും വിവാദങ്ങൾ നിറഞ്ഞ ശ്രീരാമൻ ചിറ പിന്നെയും നിയമപോരാട്ടത്തിന്റെ വഴിയിലെത്തി.
നൂറ്റാണ്ടുകളായി ആചാരവും വിശ്വാസവും ശാസ്ത്രവും സമന്വയിപ്പിച്ച് നിർമ്മിക്കുന്ന ശ്രീരാമൻചിറയിൽ കന്നിമാസത്തിലെ തിരുവോണ നാളിലാണ് പരമ്പരാഗത ആചാരാനുഷ്ഠാനത്തോടെയുള്ള ചിറകെട്ടൽ. തുലാവർഷ ജലം സംഭരിച്ച് നാട്ടുറവകളെ ശക്തിപ്പെടുത്തി ശുദ്ധജല സ്രോതസുകളെ സമൃദ്ധമാക്കുന്ന ചിറ, ഈ പ്രദേശത്തെ 2,700 പറ പാടശേഖരത്തിലെ നെൽക്കൃഷിക്ക് ഉപകാരപ്രദമായിരുന്നു.
അറബിക്കടലിൽ നിന്നും ഉപ്പുവെള്ളം കയറി ശുദ്ധജലവും ഉപ്പുമയമാക്കുന്ന കാനോലിക്കനാൽ ശ്രീരാമൻചിറയിൽ നിന്നും വെറും 500 മീറ്റർ മാത്രം അകലെയാണ്. ജനുവരി മാസത്തിന് മുമ്പുതന്നെ കാനോലിക്കനാലിൽ ഓരുവെള്ളം കയറുന്നത് കാർഷികമേഖലയ്ക്ക് വലിയ ഭീഷണിയായി തീർന്നിരുന്നത് തടഞ്ഞത് ശ്രീരാമൻചിറയിലെ ശുദ്ധജലസമൃദ്ധിയാണ്.
യാഥാർത്ഥ്യം ഇതായിരിക്കേ പാടം നികത്തി വീടുവച്ചവരും തൈവപ്പുകൾ ഉണ്ടാക്കി കൃഷി ഭൂമിയെ നശിപ്പിച്ചവരും ശ്രീരാമൻ ചിറയിൽ നെൽക്കൃഷി വേണമെന്ന് ആവശ്യപ്പെടുന്നതിലെ വൈരുദ്ധ്യവും ചൂണ്ടിക്കാട്ടുകയാണ് നാട്ടുകാർ. വേനൽക്കാലത്ത് സമുദ്രജലം കയറുന്നതിനാൽ കനോലി കനാലിലെ വെള്ളം ഉപയോഗശൂന്യമാകാറാണ് പതിവ്.
ആ സമയത്തെ നാട്ടുകാരുടെ ഏകാശ്രയം ശ്രീരാമൻ ചിറയിൽ കെട്ടി നിറുത്തുന്ന വെള്ളം ഭൂമിയിൽ താഴ്ന്ന് ഉറവയായി വരുന്നതായിരുന്നു. ചിറ കെട്ടാതായത് പ്രദേശത്തെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങി എല്ലാത്തരം കൃഷിയെയും സാരമായി ബാധിച്ചു. കുളങ്ങൾ വറ്റിവരളുകയും കിണറുകളിൽ ജലനിരപ്പ് താഴുകയും, കനോലി കനാലിൽ നിന്നള്ള ഓരു ജലം വരികയും അത് കിണറുകളെ മലിനമാക്കുകയും ചെയ്തു. കൂടാതെ വേനൽ കടുക്കുമ്പോൾ ഈ പ്രദേശത്തെ കിണറുകളിൽ മഞ്ഞനിറം കലർന്ന ജലമായി മാറുകയും പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.
ചിറ കെട്ടിയില്ലെങ്കിൽ ശുദ്ധജലം പോലും കിട്ടാത്ത അവസ്ഥ
1968ൽ ഹൈക്കോടതി അഭിപ്രായപ്പെട്ടതു പോലെ പെരിങ്ങോട്ടുകര പാടം, കണ്ണൻ ചിറ പാടശേഖരങ്ങളിലെ കൃഷി നശിച്ചതും തരിശായതും ചിറകെട്ടി വെള്ളം ശേഖരിക്കാനാകാത്തതിനാലാണ്. ചിറകെട്ടി നിറുത്താതിരുന്നാൽ 13 കിലോമീറ്ററോളം ചുറ്റളവിലെ പതിനായിരക്കണക്കിന് ആളുകളാണ് ശുദ്ധജലം ലഭിക്കാതെ ബുദ്ധിമുട്ടുക
- ഡോ. പി.എൻ. ഉണ്ണികൃഷ്ണൻ നമ്പൂതിരി
ജലത്തിന്റെ തോത് കുറച്ച് നീതികരിക്കാനാവില്ല
മുറ്റിച്ചൂർ, പെടയനാട്, കുട്ടംകുളം, കാഞ്ഞിരച്ചോട്, ശിവജി നഗർ തുടങ്ങിയ സ്ഥലങ്ങളിലെ താമസക്കാർക്ക് ശ്രീരാമൻചിറയിലെ ജലവും കവിഞ്ഞൊഴുകി വരുന്ന ജലവും വിവിധ കാർഷികാവശ്യങ്ങൾക്ക് ഉപകാരപ്രദമായിരുന്നുവെന്നിരിക്കേ കെട്ടി നിറുത്തുന്ന ജലത്തിന്റെ തോത് കുറച്ചത് നീതീകരിക്കാനാവില്ല. പഴയ രീതിയിൽ വെള്ളം നിർത്താനാണ് തങ്ങളുടെ താല്പര്യം.
- ടി.യു. അബ്ദുൾ കരീം