തൃശൂർ: ഹാപ്പി ഡേയ്‌സ് തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. വിവിധ കലാ സാംസ്‌കാരിക, കായിക, പരിപാടികൾ അരങ്ങേറിയ ഫെസ്റ്റിവലിൽ വ്യാപാര സ്ഥാപനങ്ങൾ വലിയ തോതിൽ കിഴിവുകളും സമ്മാനങ്ങളും നൽകി. ഒരു മാസക്കാലം കടകളിൽ നിന്നും സാധനങ്ങൾ വാങ്ങമ്പോൾ ലഭിക്കുന്ന കൂപ്പണുകൾ നറുക്കെടുത്ത് ഓരോ ദിവസവും ടി.വി ഉൾപ്പെടെ ഒമ്പത് സമ്മാനങ്ങൾ നൽകിയിരുന്നു. ആഴ്ച അവസാനം കാറും, മോട്ടോർ ബൈക്കും നൽകി. സമാപന ചടങ്ങിൽ മന്ത്രി വി.എസ് സുനിൽ കുമാർ സമ്മാനദാനം നിർവഹിക്കും. മേയർ അജിത വിജയൻ അദ്ധ്യക്ഷയായി. ജനറൽ കൺവീനർ ടി.എസ്. പട്ടാഭിരാമൻ ആമുഖപ്രസംഗം നടത്തി. സിനിമ പിന്നണി ഗായിക സയനോര ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്നുണ്ടായി. ഗിന്നസ് റെക്കാഡിൽ ഇടം പിടിക്കുന്ന കേക്ക് നിർമ്മിച്ചുകൊണ്ട് ഫെസ്റ്റിവലിന് ഇന്ന് കർട്ടൻ വീഴും. കേരള ബേക്കേഴ്‌സ് അസോസിയേഷനാണ് ഇതിന് ചുക്കാൻ പിടിക്കുക.