മൊത്തം ട്രാക്കുകൾ 6 എണ്ണം ( ഒരു വശത്തേക്ക്)
പ്രതിദിനം കടന്നുപോകുന്ന വാഹനങ്ങൾ 45,000 (ശരാശരി)
ഫാസ് ടാഗ് എടുത്ത വാഹനങ്ങൾ 30 %
പുതുക്കാട്: ഫാസ് ടാഗ് നിബന്ധമാക്കിയ ആദ്യദിനം സംസ്ഥാനത്തെ തിരക്കേറിയ ടോൾ പ്ളാസകളിൽ ഒന്നായ പാലിയേക്കരയിൽ രാവിലെ മുതൽ തുടങ്ങിയ വൻ ഗതാഗതക്കുരുക്ക് വൈകിട്ട് വരെ തുടർന്നു.
ഇരുവശത്തും രണ്ട് വീതം ട്രാക്കുകൾ ഒഴികെയുള്ള മുഴുവൻ ട്രാക്കുകളിലും ഫാസ് ടാഗ് ഏർപ്പെടുത്തിയതോടെയാണ് കുരുക്ക് കൂടിയത്. ടാഗ് വാങ്ങിയ വാഹന ഉടമകൾ 30 ശതമാനം മാത്രമായതിനാൽ തന്നെ, ടോൾ പ്ലാസയ്ക്ക് ഇരു വശത്തും അര കിലോമീറ്ററിലേറെ ദൂരം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. അതേസമയം, ഫാസ് ടാഗ് ട്രാക്കുകളിൽ ഒട്ടും തിരക്കുണ്ടായിരുന്നില്ല. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ വൈകിട്ട് നാലോടെ ഫാസ് ടാഗ് ട്രാക്കുകളുടെ എണ്ണം കുറച്ചു. മൊത്തം 12 ട്രാക്കുകളിൽ ഫാസ് ടാഗ് ലൈനുകൾ മൂന്ന് വീതമാക്കി കുറച്ചതോടെ ഗതാഗത കുരുക്കിന് അൽപ്പം ശമനമായി. ഒരു മണിക്കൂറോളം കാത്തു കിടന്നാണ് ആയിരക്കണക്കിന് വാഹനങ്ങൾ ടോൾ പ്ലാസ മറികടന്നത്. ആംബുലൻസുകളും ഗതാഗതക്കുരുക്കിൽപെട്ടു. പ്ലാസയുടെ സമീപത്ത് എത്തിയാൽ മാത്രമാണ് ആംബുലൻസുകൾക്ക് കടന്നു പോകാൻ പ്രത്യേക വഴി ഉള്ളത്.
ഫാസ് ടാഗ് സംവിധാനം ഏർപ്പെടുത്തിയെങ്കിലും കാര്യമായ പ്രതിഷേധം ഉയരാതിരുന്നത് ടോൾ പ്ലാസ അധികൃതർക്കും പൊലീസിനും ആശ്വാസമായി. പ്രതിദിനം ശരാശരി 45,000 വാഹനങ്ങളാണ് പാലിയേക്കര പ്ളാസയിലൂടെ കടന്നുപോകുന്നത്. ഫാസ് ടാഗ് നേരത്തേ രണ്ടുതവണ നടപ്പാക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് മാറ്റി വയ്ക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബർ ഒന്നിന് നടപ്പാക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, വാഹനങ്ങൾ ഫാസ് ടാഗിലേക്ക് മാറാത്തത് ടോൾ പ്ലാസകളിൽ വലിയ പ്രശ്‌നം സൃഷ്ടിച്ചിരുന്നു.
........
'' ടാഗ് ലഭ്യമാക്കാൻ ഏഴ് കൗണ്ടർ പാലിയേക്കരയിൽ തുറന്നിട്ടുണ്ട്. ടാഗിൽ ആവശ്യത്തിന് തുക ഉണ്ടെന്ന് വാഹന ഉടമകൾ ഉറപ്പുവരുത്തണം. ടാഗുകളിൽ ആവശ്യത്തിന് പണം ഇല്ലാതിരുന്നാൽ ട്രാക്ക് മാറ്റി വിടേണ്ടിവരും. 70 ശതമാനം വാഹന ഉടമകളും ഫാസ് ടാഗിലേക്ക് മാറേണ്ടതുണ്ട്. ''
-എ.വി.സൂരജ്, ദേശീയപാത പ്രൊജക്ട് സി.ഇ.ഒ.