thodu-nikathunna-nilayil
എടത്തിരുത്തി കൊപ്രക്കളം തെക്ക് സ്വകാര്യ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കുളവും പൊതുതോടും നികത്തുന്ന നിലയിൽ

കയ്പമംഗലം: ഇനി ഞാൻ ഒഴുകട്ടെ തോടു ശുചീകരണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നതിടയിൽ തണ്ണീർ തടങ്ങളും തോടുകളും കുളങ്ങളും നികത്തുന്നതായി ആക്ഷേപം. എടത്തിരുത്തി പഞ്ചായത്ത് 4-ാം വാർഡിൽ കൊപ്രക്കളം തെക്ക് ജവഹർ റോഡിനോടു ചേർന്നു കിടക്കുന്ന സ്വകാര്യ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ പൊതു തോടും കുളവും പൊനത്തിൽ ക്ഷേത്രത്തിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ തോടും കുളവുമാണ് മണ്ണിട്ടു നികത്തുന്നത്. രണ്ടുദിവസമായി നിരവധി ടിപ്പറുകളിൽ മണ്ണ് എത്തിച്ചാണ് തികത്താനുള്ള ശ്രമം ആരംഭിച്ചത്. ആഴ്ചകൾക്കു മമ്പ് തൊട്ടടുത്ത പാടം നികത്തിയിരുന്നതായും പറയുന്നു.

കഴിഞ്ഞ വർഷങ്ങളിലെ പ്രളയവും മഴക്കെടുതിയും ഏറ്റവും ബാധിച്ചത് എടത്തിരുത്തി പഞ്ചായത്തിലായിരുന്നു. ഇവിടെ പകുതിയിൽ കൂടുതൽ വാർഡുകളിലാണ് പ്രളയവും മഴക്കെടുതിയും ബാധിച്ചത്. പല ദുരിത ബാധിതർക്കും ധനസഹായങ്ങളും നഷ്ടപരിഹാരങ്ങളും ലഭിച്ചിട്ടില്ലെന്ന ആക്ഷേപം ഉയരുമ്പോഴാണ് തോടുകൾ നികത്താനുള്ള പദ്ധതികളുമായി ഭൂമാഫിയകളും മണ്ണ് ലോബികളും മുന്നോട്ട് പോകുന്നത്. രാവിലെ പരാതിയെ തുടർന്ന് വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും വന്ന് തടഞ്ഞിരുന്നു. സ്ഥലത്ത് കയ്പമംഗലം പൊലീസും എത്തിയിരുന്നു.

സ്ഥലം നികത്തുന്നത് ശ്രദ്ധയിൽ പെട്ട ഉടനെ വില്ലേജ് ഓഫീസറെയും കയ്പമംഗലം പൊലീസിനെയും വിളിച്ചു വരുത്തി നികത്തൽ നിറുത്തി വയ്പ്പിച്ചിരുന്നു

- രഞ്ജിനി സത്യൻ (നാലാം വാർഡ് അംഗം)

വിവരം അറിഞ്ഞ ഉടൻ തന്നെ സഥലം സന്ദർശിച്ച് നികത്തുന്നത് തടയാനുള്ള നടപടി എടുത്തു. താഹസിൽദാർക്ക് റിപ്പോർട്ടും നൽകും

- വില്ലേജ് ഓഫീസർ

ഇത്തരം പ്രവർത്തികൾക്കെതിരെ ശക്തമായി നടപടികളാണ് പഞ്ചായത്ത് ഭരണ സമിതി എടുക്കുന്നത്. യാതൊരു കാരണവശാലും ഒരു സ്ഥലത്തും നികത്തൽ അനുവദിക്കില്ല

- ബൈന പ്രദീപ് (പ്രസിഡന്റ്)​