തൃശൂർ: കെന്നൽ ക്ലബ് ഒഫ് ഇന്ത്യയുടെ ഔദ്യോഗിക ഘടകമായ തൃശൂർ കനൈൻ ക്ലബ് 18 മുതൽ രണ്ട് ദിവസങ്ങളിലായി ശ്വാനപ്രമാണിമാരുടെ പ്രദർശനം ഒരുക്കും. സിനിമ, സീരിയൽ മേഖലകളിലെ പ്രശസ്തരായ ജാക്ക് സെൽ ടെറിയർ, ജപ്പാനീസ് താരം ഷിബ ( ഹച്ചി കോ ഫെയിം), കരുത്തന്മാരായി അറിയപ്പെടുന്ന ബെൽജിയൻ മലിനോയിസ്, ബുൾ ടെറിയർ, ഫില ബ്രസീലിയാറോ എന്നിവരും പ്രദർശനത്തിനെത്തും.

ഉസാമ ബിൻ ലാദനെയും ബാഗ്ദാദിയെയും വധിക്കാൻ നിയോഗിക്കപ്പെട്ട അമേരിക്കയുടെ ഓപറേഷൻ നെപ്ട്യൂൺ ടീമിൽ ഉൾപ്പെട്ട കെയ്റോയുടെ തനി ജനുസാണ് ബെൽജിയൻ മാനോയിസ്. ബുൾ ടെറിയർ ശ്വാന വംശത്തിലെ ഗ്ലാഡിയേറ്റർ എന്നു വിളിപ്പേരുള്ളവനും. ക്ഷുഭിത സ്വഭാവം കാരണം ചില രാജ്യങ്ങളിൽ വിലക്കുള്ള ബ്രസീലുകാരനാണ് ഫില ബ്രസീലിയാറോ. ലോകത്തിലെ ഏറ്റവും വലിയ നായ ഗ്രേറ്റ് ഡെയ്ൻ, ഏറ്റവും കുഞ്ഞന്മാരായ ഷിവാവ, മിനിയേച്ചർ പിൻഷർ, ടോയ് പൂഡിൽ, ജർമൻ വംശജരായ റോട്ട്‌ വീലർ, ആർട്ടിക് പ്രദേശവാസിയായ സൈബീരിയൻ ഹസ്കി എന്നിവരും ചിപ്പിപ്പാരായ്, മുദോൾ ഹൗണ്ട്, രാജപാളയം, കാരവാൻ ഹൗണ്ട് തുടങ്ങിയ ഇന്ത്യൻ വംശജരും പ്രദർശനത്തിലുണ്ട്. അഴകും ആകാരവടിവും ഉശിരും അനുസരണയും അടക്കം വിവിധ ശ്രേണികളിലായാണ് മത്സരം. രാവിലെ 10 മുതൽ 8 വരെ പ്രദർശനം കാണാമെന്ന് ക്ലബ് പ്രസിഡന്റ് ടി. ചന്ദ്രൻ, കെ.ടി അഗസ്റ്റിൻ, ഡാനിഷ് എന്നിവർ പറഞ്ഞു...