കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ആരോപണവുമായി ബി.ജെ.പി എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി. പഞ്ചായത്തിൽ പാടങ്ങളും കുളങ്ങളും പൊതു തോടുകളും നികത്തൽ വ്യാപകമാവുകയാണെന്നും ഹരിത കേരളം പദ്ധതികളും ഈ പുഴ ഒഴുകട്ടെ പദ്ധതികളുമായി ഉദ്ഘാടന മാമാങ്കം നടത്തി കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ നികത്തൽ പദ്ധതികളും നടക്കുന്നതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഭരണസമിതിയോ റവന്യു ഡിപാർട്ട്‌മെന്റോ യാതൊരു നിയമനടപടിയും സ്വീകരിക്കുന്നില്ലെന്നും പഞ്ചായത്തിൽ കോടികളുടെ പദ്ധതികൾ അതാത് വകുപ്പുമന്ത്രിമാർ കല്ലിടൽ കർമ്മം ചെയ്യുന്നതല്ലാതെ മറ്റു വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും യോഗത്തിൽ കുറ്റപെടുത്തി. റോഡുകൾ തകർന്ന് കിടക്കുന്നു, സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നില്ല, പഞ്ചായത്താഫീസിനു മുകളിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സോളാർ പാനൽ തകർന്നു കിടക്കുന്നു, കൃഷി ഭൂമികൾ തരിശായി കിടക്കുന്നുവെന്നും നേതാക്കൾ ആരോപിച്ചു. ഭരണ സമിതിക്കെതിരെ സമര പരിപാടികൾ നടത്തുവാൻ ബി.ജെ.പി എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചുവെന്നും നേതാക്കൾ അറിയിച്ചു. യോഗം ബി.ജെ.പി കയ്പമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് സെൽവൻ മണകാട്ടുപടി ഉദ്ഘാടനം ചെയതു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജിലാൽ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.അനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി. ജ്യോതിബാസ് തേവർകാട്ടിൽ, അനിൽ വാലിപറമ്പിൽ, പി.കെ. വിജയൻ, പി.ആർ. രഗീഷ്, സുരേഷ് കിഴക്കേടത്ത് എന്നിവർ സംസാരിച്ചു.