കൊടുങ്ങല്ലൂർ: സമഗ്രശിക്ഷാ അഭിയാൻ വടക്കാഞ്ചേരി ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി ജലയാത്ര സംഘടിപ്പിച്ചു. കോട്ടപ്പുറം മുസ്‌രീസ് ബോട്ട് ജെട്ടി മുതൽ അഴിമുഖം വരെയാണ് ജലയാത്ര നടത്തിയത്. എഴുന്നേൽക്കാൻ പോലും പറ്റാത്ത കുട്ടികളും അവരുടെ അദ്ധ്യാപകരും രക്ഷകർത്താക്കളും ഉൾപ്പടെ എഴുപതോളം പേർ യാത്രയിൽ പങ്കെടുത്തു. മുസ്‌രീസ് പ്രോജക്ട് ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന ഉറപ്പാക്കി, പദ്ധതിയുടെ മൂന്ന് എയർകണ്ടീഷൻഡ് ബോട്ടുകളിലാണ് ഇവർക്ക് സൗജന്യ ജലയാത്ര ഒരുക്കിയത്.
മുസ്‌രീസ് മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ്, മാനേജർ സജ്ന വസന്ത് രാജ്, വടക്കാഞ്ചേരി ബി.പി.ഒ വി.വി. ചാന്ദ്നി, റിസോഴ്സ് അദ്ധ്യാപകരായ ഷർമിള, സൽമ, ലജിത, റിൻസി എന്നിവർ പങ്കെടുത്തു.