manathala-nercha
പാലക്കാട് സദരിയ്യ മുട്ടുംവിളി സംഘം മണത്തല നേർച്ചയുടെ വിളംബരമറിയിക്കുന്നു

ചാവക്കാട്: പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി. നേർച്ചയുടെ വരവറിയിച്ച് മുട്ടുംവിളി ആരംഭിച്ചു. ഇന്നലെ രാവിലെ ജാറത്തിൽ നടന്ന കൂട്ട സിയാറത്തിനു ശേഷം മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ്. ഷാഹു, സെക്രട്ടറി എ.വി. അഷറഫ്, വൈസ് പ്രസിഡന്റുമാരായ എൻ.കെ. സുധീർ, ടി.പി. കുഞ്ഞിമുഹമ്മദ്, കമ്മിറ്റി അംഗങ്ങളായ കെ.സി. നിഷാദ്, കെ.വി. അലിക്കുട്ടി എന്നിവർ ചേർന്നാണ് കൊടി ഉയർത്തിയത്. ജനുവരി 28, 29 തീയതികളിലാണ് നേർച്ചയുടെ പ്രധാന ആഘോഷങ്ങൾ നടക്കുക.

സാമൂതിരി രാജാവിന്റെ പടത്തലവനായിരുന്ന നാലകത്ത് ചാന്ദിപുറത്ത് ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ ധീര സ്മരണയിൽ ആഘോഷിക്കുന്ന 232-ാം ആണ്ടു നേർച്ചയ്ക്കാണ് മഖ്ബറയ്ക്ക് മുന്നിൽ കൊടി ഉയർന്നത്. പാലക്കാട് സദരിയ്യ മുട്ടുംവിളി സംഘം ഇനി പതിനഞ്ചു നാൾ ചാവക്കാട്, തിരുവത്ര, ബ്ലാങ്ങാട്, ഒരുമനയൂർ മേഖലകളിൽ നേർച്ചയുടെ വരവറിയിച്ച് മുട്ടി വിളിക്കും. കൊടികയറ്റ ശേഷം ചക്കരക്കഞ്ഞി, ചക്കരച്ചോറ് വിതരണം നടന്നു. ഖത്തീബ് കമറുദ്ദിൻ ബാദുഷ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. താബൂത്ത് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ തെക്കഞ്ചേരിയിലേക്ക് കൊണ്ടുപോയി.