cake
അതിമധുരം ...തൃശൂരിൽ സംഘടിപ്പിച്ച ഹാപ്പി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഓൾ കേരള ബേക്കേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 6.5 കിലോമീറ്റർ നീളവും 20 ടൺ ഭാരവും 1000 ഷെഫുമാരും ചേർന്ന് നിർമ്മിച്ച ഗിന്നസ് കേക്ക്

തൃശൂർ: ആയിരത്തോളം ഷെഫുമാർ ചേർന്ന് നിർമ്മിച്ച ആറ് കിലോ മീറ്ററിലേറെ നീളവും 20 ടണ്ണിലേറെ ഭാരവുമുളള കേക്ക് ഗിന്നസ് റെക്കാഡിലേക്ക്. തൃശൂരിൽ നടക്കുന്ന ഹാപ്പി ഡേയ്‌സ് നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സമാപനത്തോടനുബന്ധിച്ചാണ് രാമനിലയത്തിന് ചുറ്റുമായി കേക്ക് നിർമ്മിച്ചത്. 60 ലക്ഷത്തോളം രൂപ ചെലവിൽ ആൾ കേരള ബേക്കേഴ്‌സ് അസോസിയേഷനാണ് ഭീമൻ കേക്കിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത്. 3,200 മീറ്റർ നീളത്തിൽ ചൈനയിൽ നിർമിച്ച കേക്കിന്റെ റെക്കാഡ് തകർക്കുകയെന്ന ലക്ഷ്യമിട്ടായിരുന്നു നിർമ്മാണം.

രാമനിലയത്തിന് മുന്നിൽ നിന്ന് തുടങ്ങി റീജ്യണൽ തിയേറ്റർ, സംഗീത നാടക അക്കാഡമി, ബാലഭവൻ, കെ.എസ്.എഫ്.ഇ എന്നീ സ്ഥാപനങ്ങളുടെ മുന്നിൽ 3000 ടേബിളുകളിൽ 7 നിരകളിലായാണ് കേക്കുണ്ടാക്കിയത്.
5 ഇഞ്ച് വീതം വീതിയിലും പൊക്കത്തിലുമുള്ള കേക്കുണ്ടാക്കാൻ 30 മീറ്റർ ദൂരത്തിൽ അഞ്ച് ഷെഫുമാർ വീതം അണിനിരന്നു. ആയിരങ്ങളെ സാക്ഷിയാക്കി വൈകിട്ട് നാലിനാണ് ആരംഭിച്ച കേക്ക് നിർമ്മാണം ഏഴ് മണിയോടെ പൂർത്തിയായി. വാനില കേക്കുകൾ ഘടിപ്പിച്ച് അതിൽ ചോക്കലേറ്റ് ഐസിംഗ് നടത്തുകയായിരുന്നു.തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ ബേക്കറികളിലെ ഷെഫുമാരാണ് നിർമ്മാണത്തിൽ പങ്കാളികളായത്