munimeeting
ചാലക്കുടി നഗരസഭ ഭരണമ സമിതി വിളിച്ചു കൂട്ടിയ സർവ്വകക്ഷി യോഗത്തിൽ ബി.ഡി.ദേവസി എം.എൽ.എ പ്രസംഗിക്കുന്നു

ചാലക്കുടി: ദേശീയപാതയിലെ കോടതി ജംഗ്ഷനിൽ അടിപ്പാത എന്ന ലക്ഷ്യം പൂർത്തീകരണത്തിനായി സംയുക്ത പ്രക്ഷോഭം നടത്താൻ നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ വിളിച്ചുകൂട്ടിയ സർവ കക്ഷി യോഗം തീരുമാനിച്ചു. ബെന്നി ബെഹന്നാൻ എം.പി രക്ഷാധികാരിയും ബി.ഡി. ദേവസി എം.എൽ.എ ചെയർമാനും നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ ജനറൽ കൺവീനറുമായി സംഘാടക സമിതിയാണ് പ്രക്ഷോഭം നയിക്കുക.

ആദ്യപടിയായി ജനുവരി 28ന് ഒരു പകൽ മുഴുവൻ നിയുക്ത അടിപ്പാതയ്ക്ക് സമീപം ജനകീയ ധർണ്ണ നടത്തും. ബി.ഡി. ദേവസി എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരിക്കും ധർണ്ണ. പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരും സമരപ്പന്തലിലുണ്ടാകും. ബെന്നി ബെഹന്നാൻ എം.പിയും സമരത്തിനെത്തും.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമുദായിക സേവന സംഘടനാ പ്രവർത്തകർ എന്നിവരും പ്രക്ഷോഭത്തിൽ അണിചേരും. അടിപ്പാത നിർമ്മാണം സ്തംഭിച്ചതിനെതിരെ നഗരസഭാ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ്. നിയമയുദ്ധം ഒരു ഭാഗത്തും ജനകീയ മുന്നേറ്റം മറുഭാഗത്തും നടന്നാൽ മാത്രമേ ദേശീയ പാത അധികൃതരുടെ കണ്ണു തുറപ്പിക്കാൻ കഴിയുകയുള്ളൂവെന്ന് ജൂബിലി ഹാളിൽ ചേർന്ന സർവ കക്ഷി യോഗത്തിൽ എം.എൽ.എ പറഞ്ഞു.

പഞ്ചായത്തു പ്രസിഡന്റുമാരായ പി.പി. ബാബു, തോമസ് കണ്ണത്ത്, ഫോറോന വികാരി ഫാ. ജോസ് പാലാട്ടി, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടൻ, എസ്.എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, എം.ഡി. ജയിംസ്, സി. മധുസൂദനൻ, സി.കെ. വിൻസെന്റ്, പി.എം. കുഞ്ഞുമോൻ, ഡോ. കെ. സോമൻ, അഡ്വ. ബിജു ചിറയത്ത്, എൻ കുമാരൻ തുടങ്ങിവയരും പ്രസംഗിച്ചു.