തൃശൂർ: കുഞ്ഞാലിപ്പാറ അനധികൃത കരിങ്കൽ ക്വാറിക്കെതിരെ സമരം ചെയ്ത വനിതകൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ ലോറി ഡ്രൈവർക്കെതിരെ വനിത കമ്മിഷൻ പൊലീസിന്റെ റിപ്പോർട്ട് തേടി. ക്വാറി ഉടമയുടെ ലോറി ഡ്രൈവർക്കെതിരെ പരാതിയുമായി ഒരു കൂട്ടം വനിതകളാണ് അദാലത്തിൽ എത്തിയത്. മൊബൈലിൽ പകർത്തിയ ഫോട്ടോകൾ ആണ് ഇവർ തെളിവായി സമർപ്പിച്ചത്.

വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ നിന്നും വിശദമായ റിപ്പോർട്ട് വന്നാലുടൻ ഇതിനെതിരെ വേണ്ട നടപടി എടുക്കുമെന്ന് കമ്മിഷൻ ചെയർപേഴ്‌സൺ എം.സി ജോസഫൈൻ പറഞ്ഞു. പൊളിക്കാൻ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അനധികൃതമായി ലൈസൻസില്ലാതെ ശല്യമായ രീതിയിൽ പ്രവർത്തിക്കുന്ന കണ്ടാണശ്ശേരി പഞ്ചായത്തിലെ വർക്ക് ഷോപ്പിനെതിരെ അയൽവാസിയായ സ്ത്രീ നൽകിയ പരാതിയിന്മേൽ സ്ഥലം പഞ്ചായത്ത് സെക്രട്ടറിയോട് അടുത്ത അദാലത്തിൽ നേരിട്ട് ഹാജരാകുവാൻ കമ്മിഷൻ ഉത്തരവിട്ടു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് വിശദമായ റിപ്പോർട്ടും ആവശ്യപ്പെട്ടു.


വീടിന് സമീപത്തു നടത്തുന്ന ബജ്ജികടയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ രാത്രിയിൽ പരിശോധനയ്ക്ക് എത്തിയതായി താന്ന്യം പഞ്ചായത്തിലെ വനിത പരാതിപ്പെട്ടു. ഇതിൽ വിശദമായ റിപ്പോർട്ട് നൽകാൻ പഞ്ചായത്തിനും പൊലീസിനും നിർദേശം നൽകി.
19 വർഷം മുൻപ് മരണപ്പെട്ട ഭർത്താവിന്റെ സ്വത്ത് ലഭിക്കണം എന്നാവശ്യവുമായി വന്ന സ്ത്രീയോട് ഭർത്താവിന്റെ വീട്ടുകാരുമായി ചർച്ച ചെയ്യാമെന്ന് കമ്മിഷൻ ഉറപ്പ് നൽകി. 88 കേസുകളാണ് പരിഗണിച്ചത്. 24 എണ്ണം പരിഹരിച്ചു. 10 കേസുകൾ വിവിധ വകുപ്പുകളുടെ റിപ്പോർട്ടിനായി അയച്ചു. 54 കേസുകൾ അടുത്ത മാസത്തെ അദാലത്തിലേക്ക് മാറ്റി. അംഗങ്ങളായ ഇ.എം. രാധ, ഷാഹിദ കമാൽ, അഡ്വ. ഷിജി ശിവജി, ഡയറക്ടർ വി.യു.കുര്യാക്കോസ് എന്നിവർ പങ്കെടുത്തു