തൃപ്രയാർ: തൃപ്രയാർ ബസ് സ്റ്റാൻഡ് പുതുക്കിപ്പണിയുന്നതിന് എം.എൽ.എ ഗീതഗോപി വിളിച്ചുകൂട്ടിയ യോഗത്തിൽ വ്യക്തമായ ധാരണയായില്ല. തീരുമാനത്തിനായി യോഗം വീണ്ടും ചേരും. ബസ് സ്റ്റാൻഡ് പുതുക്കിപ്പണിയുന്നതിന് നാട്ടിക പഞ്ചായത്ത് ഭരണസമിതിയെടുത്ത തീരുമാനപ്രകാരമാണ് ഗീതഗോപി എം.എൽ.എ സർക്കാരിനു പ്രൊജക്ട് നല്കിയത്. അതിനായി അഞ്ചുകോടി രൂപ അനുവദിക്കുകയും ചെയ്തു. ഇക്കാര്യം വിശദീകരിക്കുന്നതിനാണ് എം.എൽ.എ യോഗം വിളിച്ചു കൂട്ടിയത്.
നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു, അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.എം.ആർ. സുഭാഷിണി, രാഷ്ടീയകക്ഷി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, വെഹിക്കിൾ ഇൻസ്‌പെക്ടർ, പഞ്ചായത്ത് സെക്രട്ടറി, എൻജിനിയർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മൂന്നു നില കെട്ടിടമാണ് നിർദ്ദിഷ്ട പ്രൊജക്ട്. ഇതിന്റെ മാതൃക പ്രദർശിപ്പിക്കുകയും ചെയ്തു.
മൂന്നുനില പോര ഏഴുനില വേണമെന്ന് പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ അനിൽ പുളിക്കൽ ആവശ്യപ്പെട്ടു. മുൻ സർക്കാറിന്റെ കാലത്ത് ഇത്തരത്തിൽ ദീർല വീക്ഷണത്തോടെ പ്രൊജക്ട് തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള കെട്ടിടവും സ്ഥലവും ഉപയോഗപ്പെടുത്തി ഏഴു നില നിർമ്മിക്കാനാവുമെന്നും ഇതിനുള്ള പണം കണ്ടെത്തണമെന്നും ആവശ്യമുയർന്നു. ഇക്കാര്യത്തിൽ വീണ്ടും യോഗം ചേർന്ന് വ്യക്തത വരുത്താൻ യോഗം തീരുമാനിച്ചു.