പാവറട്ടി: 33 വർഷത്തെ സേവനത്തിന് ശേഷം പാവറട്ടിക്കാരുടെ പ്രിയ അദ്ധ്യാപകൻ വി.എസ്. സെബി മാസ്റ്റർ പാവറട്ടി സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും വിരമിക്കുന്നു. പ്രധാന അദ്ധ്യാപകനായി അഞ്ച് വർഷക്കാലം സേവനം അനുഷ്ഠിച്ചിരുന്നു. 2018-19 ലെ സംസ്ഥാന സർക്കാരിന്റെ സംസ്ഥാനത്തെ മികച്ച അദ്ധ്യാപകനുള്ള അവാർഡ് ലഭിച്ചു. അതേ വർഷം തന്നെ സംസ്ഥാന പി.ടി.എയുടെ അദ്ധ്യാപക അവാർഡും ദേവമാത കോർപറേറ്റ് മാനേജ്‌മെന്റിന്റെ വിദ്യാഭ്യാസ അച്ചീവ്‌മെന്റ് അവാർഡും ലഭിച്ചു.

2017-18 ൽ എസ്.എസ്.എൽ.സി.വിജയത്തിൽ ആൺകുട്ടികൾ മാത്രമുള്ള വിദ്യാലയങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള ബഹുമതി അംഗീകാരം സെബി മാസ്റ്ററുടെ പ്രസംശനീയമായ നേട്ടങ്ങളാണ്. വിദ്യാർത്ഥികൾക്കായി ബാങ്ക്, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ്, ജൈവ വൈവിദ്ധ്യ പാർക്ക് തുടങ്ങി നിരവധി നൂതന കർമ്മ പരിപാടികൾ അദ്ദേഹം രൂപകല്പന ചെയ്ത് വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്.

വിദ്യാലയത്തിന് തുടർച്ചയായി 100 ശതമാനം വിജയവും കലാസാമൂഹിക സാംസ്‌കാരിക രംഗത്ത് നേടിയ നിരവധി അവാർഡുകളും അംഗീകാരങ്ങളും പൂർവ വിദ്യാർത്ഥി കൂട്ടായ്മകളായ ഫോസ, കുസാഫ്, നൊസ്റ്റ എന്നിവയുടെ രൂപീകരണവും സ്‌കൂൾ വികസന പ്രവർത്തനവുമെല്ലാം സെബി മാസ്റ്റർ നൽകിയ സേവന പദ്ധതികളായി കർമ്മ വീഥിയിൽ തിളങ്ങി നിൽക്കുന്നു. പാവറട്ടി സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെ ചരിത്ര താളുകളിൽ സിന്ദുര തിലകം ചാർത്തി സെബി മാസ്റ്റർ എക്കാലവും നിലകൊള്ളും.