കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഒന്നാം താലപ്പൊലി നാളിൽ ആനപാപ്പാന്മാരിലൊരാൾ മദ്യപിച്ചെത്തി ആനയെ എഴുന്നെള്ളിച്ചെന്ന് പൊലീസ്. മദ്യപിച്ച പാപ്പാനെതിരെ കേസെടുത്തതിനൊപ്പം പാപ്പാനെ മാറ്റി മറ്റൊരു മറ്റൊരു പാപ്പാനെ നിയമിക്കാൻ നിർദ്ദേശം നൽകിയിട്ടും മാനിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി, ദേവസ്വം മാനേജർക്കെതിരെയും കേസെടുത്തതായി പൊലീസ് പറഞ്ഞു.
ഒന്നാം താലപ്പൊലി നാളിലെ ആദ്യ എഴുന്നെള്ളിപ്പിന് ഒരുക്കിയ അഞ്ച് ആനകളിൽ മുണ്ടക്കൽ ശിവനന്ദൻ എന്ന ആനയുടെ പാപ്പാൻ അഖിലാണ് മദ്യപിച്ച് ആനയെ എഴുന്നെള്ളിച്ചതായി പൊലീസ് പറയുന്നത്. ആ പാപ്പാനെ മാറ്റി മറ്റൊരു പാപ്പാനെ നിയമിക്കാൻ ദേവസ്വം മാനേജർക്ക് എസ്.ഐ നിർദ്ദേശം നൽകിയെങ്കിലും വേറെ പാപ്പാൻ ഇല്ല എന്ന കാരണത്താൽ മദ്യപിച്ച പാപ്പാനെ തന്നെ ദേവസ്വം മാനേജർ ജോലിക്ക് പ്രവേശിപ്പിച്ചതായാണ് പൊലീസിന്റെ പക്ഷം.
എന്നാൽ ഇത് സംബന്ധിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്ന് ദേവസ്വം മാനേജർ യഹുലദാസ് വ്യക്തമാക്കി. ഉച്ചക്ക് ഒരുമണിയോടെ ആരംഭിക്കുന്ന എഴുന്നെള്ളിപ്പിന് ആനകളെ ഒരുക്കും മുൻപായിരുന്നു സംഭവമെങ്കിൽ അനയെ പോലും മാറ്റാമായിരുന്നു. എഴുന്നെള്ളിപ്പ് ആരംഭിച്ച ശേഷമായിരുന്നു ഇത് ശ്രദ്ധയിൽ പെട്ടതെങ്കിൽ മാറ്റി നിയമനം അസാധ്യമാകും. എന്നാൽ ഈ ഒരു ഘട്ടത്തിലും ഇത്തരമൊരു സംഭവം പൊലീസോ മറ്റാരുമോ തന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടില്ലെന്നും മാദ്ധ്യപ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ മാത്രമാണ് ഇങ്ങിനെയൊരു വിവരം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ശേഷം സി.ഐ. പത്മരാജൻ ഫോണിൽ ബന്ധപ്പെട്ട് പാപ്പാനോട് എസ്.ഐയുടെ മുന്നിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും ദേവസ്വം മാനേജർ കൂട്ടിച്ചേർത്തു.