തൃശൂർ: കോർപറേഷൻ മേയർ സ്ഥാനം രാജിവയ്ക്കാൻ സി.പി.ഐ തീരുമാനം. മേയർ അജിത വിജയൻ തിങ്കളാഴ്ച രാജിക്കത്തു നൽകും. വിശദാംശങ്ങൾ നാളെ ചേരുന്ന നേതൃ യോഗത്തിൽ വ്യക്തമാക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പദവി നൽകാമെന്ന് സി.പി.എം ഉഭയകക്ഷി ചർച്ചയിൽ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സി.പി.ഐ. ജില്ലാസെക്രട്ടറി കെ.കെ വത്സരാജ് അറിയിച്ചു. ഡെപ്യൂട്ടി മേയർ റാഫി ജോസ് തത്കാലം രാജിവെക്കില്ല. പുതിയ മേയർ വന്ന ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ.
കഴിഞ്ഞ ഡിസംബർ 12 ന് മേയർ പദവിയിൽ നിന്നും അജിത വിജയൻ ഒഴിയേണ്ടതായിരുന്നുവെങ്കിലും സി.പി.ഐ ജില്ലാകമ്മിറ്റി ഇടപെട്ട് ഉടൻ രാജി വേണ്ടെന്ന് നിർദ്ദേശിക്കുകയായിരുന്നു. മേയർ സ്ഥാനമൊഴിയുന്നതോടെ സി.പി.ഐയ്ക്കു പ്രധാനസ്ഥാനങ്ങളൊന്നും ഇല്ലാതാകുമെന്ന് ചൂണ്ടിക്കാട്ടി
ഏതെങ്കിലും സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ പദവി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ പദവി ഏതായിരിക്കും സി.പി.ഐയ്ക്കു കൈമാറുമെന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. നികുതി അപ്പീൽ കമ്മിറ്റി അദ്ധ്യക്ഷൻ പി. സുകുമാരനെയോ പൊതുമരാമത്തു വകുപ്പു സമിതി അദ്ധ്യക്ഷൻ എം.പി. ശ്രീനിവാസനെയോ നീക്കാൻ സാദ്ധ്യതയുണ്ടെന്നാണ് സൂചന. അഴിമതി വിരുദ്ധ നിലപാടുകളുടെ പേരിൽ സി.പി.എമ്മിലെ ഒരു വിഭാഗത്തിന് ശ്രീനിവാസനോട് അതൃപ്തിയുണ്ട്. സ്ഥാനമൊഴിയില്ലെന്ന് അറിയിച്ച പി. സുകുമാരന് മേൽ സി.പി.എമ്മിൻ്റെ സമ്മർദ്ദമുണ്ട്.